Sub Lead

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് സബ് ജയിലില്‍ തുടരും

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് സബ് ജയിലില്‍ തുടരും
X

കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പോലിസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം, എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് നിന്ന് ഇന്നലെ രാത്രി പിടികൂടിയ രഞ്ജിത്ത് രാത്രി മുഴുവന്‍ കഴിഞ്ഞത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു. രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.






Next Story

RELATED STORIES

Share it