Sub Lead

വിമര്‍ശനത്തിനൊടുവില്‍ പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്‍ണമാക്കി ആര്‍എസ്എസ്

വിമര്‍ശനത്തിനൊടുവില്‍ പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്‍ണമാക്കി ആര്‍എസ്എസ്
X

ന്യൂഡല്‍ഹി: വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രമായ കാവിക്കൊടി നീക്കി ദേശീയ പതാകയാക്കി ആര്‍എസ്എസ്. സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം മുഖവിലയ്‌ക്കെടുക്കാതിരുന്ന ആര്‍എസ്എസ്സിന്റെ നടപടി വിവാദങ്ങള്‍ക്ക് വഴിവച്ചതിനെത്തുടര്‍ന്നാണ് കാവിക്കൊടി നീക്കാന്‍ സംഘടന നിര്‍ബന്ധിതരായത്. വെള്ളിയാഴ്ചയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാവിക്കൊടിയില്‍ നിന്ന് ദേശീയ പതാകയിലേക്ക് ആര്‍എസ്എസ് മാറ്റിയത്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആഗസ്ത് രണ്ട് മുതല്‍ 15 വരെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മോദിയും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ള വിവിധ പാര്‍ട്ടികളും ഇത് പാലിച്ചെങ്കിലും ആര്‍എസ്എസ് മാത്രം കാവിക്കൊടി മാറ്റാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് 10 ദിവസത്തിനുശേഷം ത്രിവര്‍ണ പതാക പ്രൊഫൈല്‍ ചിത്രമാക്കിയത്.

52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്ത സംഘടന ത്രിവര്‍ണ പതാക പ്രൊഫൈല്‍ ആക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം അനുസരിക്കുമോയെന്ന് ആര്‍എസ്എസിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചിരുന്നു. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന മറുപടിയാണ് ആര്‍എസ്എസ് പ്രചാരണ വിഭാഗം മേധാവി സുനില്‍ അംബേക്കര്‍ പറഞ്ഞത്. 'ഹര്‍ ഘര്‍ തിരംഗ', 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടികള്‍ക്ക് ആര്‍എസ്എസ് പിന്തുണ നല്‍കിക്കഴിഞ്ഞു.

സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും സംഘവുമായി ബന്ധപ്പെട്ട സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജനങ്ങളുടെയും സ്വയംസേവകരുടെയും പൂര്‍ണ പിന്തുണയും പങ്കാളിത്തവും ജൂലൈയില്‍ സംഘം അഭ്യര്‍ഥിച്ചിരുന്നു- സുനില്‍ അംബേക്കര്‍ പറഞ്ഞു. സംഘടനയുടെ എല്ലാ ഓഫിസുകളിലും ഇത്തവണ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ആര്‍എസ്എസ് പ്രചാരണവിഭാഗം കോ ഇന്‍ചാര്‍ജ് നരേന്ദര്‍ താക്കൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി മാറ്റിയത്.

പ്രവര്‍ത്തകര്‍ 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോദി പ്രഖ്യാപിച്ച 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളില്‍നിന്നുള്ള മുസ്‌ലിം കമ്പനിയാണെന്നും ഇതിന്റെ ഉടമ സലാഹുദ്ദീന്‍ എന്നയാളാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും പതാക വാങ്ങരുതെന്നുമാണ് ആഹ്വാനം.

Next Story

RELATED STORIES

Share it