Sub Lead

വിമാനം, ബസ്, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കണം; കേരളം കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കണം.

വിമാനം, ബസ്, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കണം;  കേരളം കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് കേരളം കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് ആഭ്യന്തര വിമാന യാത്ര ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനുകളും അനുവദിക്കണം. കര്‍ശനമായ സുരക്ഷാ നിബന്ധനകളോടെ മെട്രോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാം. എന്നാല്‍ അന്തര്‍സംസ്ഥാന ട്രെയിന്‍ സര്‍വ്വീസിന് സമയമായിട്ടില്ല.

അതേസമയം, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കണം.

ജില്ലയ്ക്കകത്ത് ബസ് സര്‍വ്വീസാകാം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകുയം ചെയ്തുകൊണ്ട് ബസ് സര്‍വീസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിര്‍ദേശം. എന്നാല്‍, ജില്ല വിട്ടുള്ള ബസ് സര്‍വീസിന് സമയമായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ബസ് ഉടമകള്‍ കര്‍ശനമായി പാലിക്കണം. ഇത് ലംഘിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരും. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതുകൊണ്ട് ടിക്കറ്റ് നിരക്കില്‍ അല്‍പം വര്‍ധന വേണ്ടിവരും.

വ്യാവസായികവ്യാപാര പ്രവര്‍ത്തനങ്ങള്‍ കണ്ടയിന്‍മെന്റ് സോണില്‍ ഒഴികെ ഗ്രാമനഗര വ്യത്യാസമില്ലാതെ അനുവദിക്കണം. ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പുനരാരംഭിക്കണം. ശാരീരിക അകലം പാലിച്ചുകൊണ്ട് റെസ്‌റ്റോറണ്ടുകള്‍ അനുവദിക്കാവുന്നതാണ്. സീറ്റുകള്‍ അതനുസരിച്ച് ക്രമീകരിക്കണം. കര്‍ശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന് നിജപ്പെടുത്താം. കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ മാത്രം ഇതില്‍ ഇളവ് നല്‍കാം.

നിര്‍മാണ പ്രവര്‍ത്തനം വേഗത്തില്‍ നടക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും. മഴയ്ക്കു മുമ്പ് കഴിയുന്നത്ര നിര്‍മാണ പ്രവര്‍ത്തനം നടക്കേണ്ടതുണ്ട്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികവൃത്തിക്കു കൂടി ബാധകമാക്കണം.

ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് ആരോഗ്യവിഭാഗം അയക്കുന്നവരെ അവിടെ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. പഞ്ചായത്ത് മാറി എന്ന പേരില്‍ ആരേയും പ്രവേശിപ്പിക്കില്ല എന്നു പറയാന്‍ പറ്റില്ല. കാരണം സര്‍ക്കാരാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതും നടത്തുന്നതും.

പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചുരുക്കം ചിലര്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലിസ് സ്വീകരിക്കും. ചിലയിടത്ത് റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വില്‍പ്പന അനുവദിക്കില്ല. മാസ്‌ക് മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ മാസ്‌ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്.

കേരളത്തിനകത്ത് ജില്ല വിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധിക്കേണ്ടതില്ല. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്ന് തുറന്ന മാര്‍ക്കറ്റുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല എന്നു വരരുത്. ശാരീരിക അകലവും മറ്റു നിബന്ധനകളും കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

Next Story

RELATED STORIES

Share it