Sub Lead

റിസോര്‍ട്ട് വിവാദം; ഇപിക്കെതിരേ തല്‍ക്കാലം അന്വേഷണം വേണ്ടന്ന് സിപിഎം

റിസോര്‍ട്ട് വിവാദം; ഇപിക്കെതിരേ തല്‍ക്കാലം അന്വേഷണം വേണ്ടന്ന് സിപിഎം
X

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ പാര്‍ട്ടി അന്വേഷണമുണ്ടാവില്ല. റിസോര്‍ട്ടിന്റെ മറവില്‍ ഇപി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം തല്‍ക്കാലം അന്വേഷിക്കേണ്ടന്നാണ് സിപിഎം നിലപാട്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായിരുന്നു.

ഇ പി ജയരാജന്‍ യോഗത്തില്‍ പങ്കെടുത്ത് അദ്ദേഹത്തിന് പറയാനുള്ള കാര്യം വിശദീകരിച്ചു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയതെന്നാണ് സൂചന. യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ അദ്ദേഹം നേരുകയാണ് ചെയ്തത്.

Next Story

RELATED STORIES

Share it