Sub Lead

യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം: ആദ്യവിമാനം മുംബൈക്ക് തിരിച്ചു; 30ല്‍ അധികം മലയാളികള്‍

മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം: ആദ്യവിമാനം മുംബൈക്ക് തിരിച്ചു; 30ല്‍ അധികം മലയാളികള്‍
X

ബുച്ചറെസ്റ്റ്: റഷ്യന്‍ സൈനിക അധിനിവേശത്തെതുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30ല്‍ അധികം മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.

അര്‍ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

യുക്രെയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. യുക്രെയ്‌നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ഡല്‍ഹിയില്‍നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക നേരത്തെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it