Sub Lead

ഇഡിയുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നു: പോപുലര്‍ ഫ്രണ്ട്

ഇഡിയുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നു: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സംഘടനയ്‌ക്കെതിരേ ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കളയുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2022 മെയ് 13ന് അവരുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അടുത്തിടെ അറസ്റ്റ് ചെയ്ത സംഘടനയുടെ രണ്ട് നേതാക്കള്‍ക്കെതിരേ സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പറയുന്നു. ഇഡിയുടെ ഈ ആരോപണങ്ങളെല്ലാം പോപുലര്‍ ഫ്രണ്ട് തള്ളിക്കളയുകയാണ്.

ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളെ കൂട്ടിയിണക്കി പോപുലര്‍ ഫ്രണ്ടിനെതിരേ ഇഡി കള്ളക്കഥകള്‍ മെനയുകയാണ്. പോപുലര്‍ ഫ്രണ്ടിനെയും അതിന്റെ നേതാക്കളെയും അണികളെയും ദ്രോഹിക്കാനായി ഇഡി തയ്യാറാക്കിയ തിരക്കഥയുടെ പുനരാവിഷ്‌കാരമാണ് പുതിയ പ്രസ്താവന. 2022 ജനുവരിയില്‍ കേരളത്തിലെ പോപുലര്‍ ഫ്രണ്ടിന്റെ ചില അംഗങ്ങളുടെ വീടുകളിലും ഓഫിസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പ്രേരിതമായി ബിജെപി ഭരണകൂടം സംഘടയ്‌ക്കെതിരേ നിരന്തരം നടത്തുന്ന വേട്ടയുടെ ഭാഗമായ ഈ പരിശോധനയില്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല.

പിഎംഎല്‍എ കേസും ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായിട്ടും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടും അംഗങ്ങളും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ബി പി അബ്ദുല്‍ റസ്സാഖ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ അഷ്‌റഫ് എന്നിവരെ അറസ്റ്റ് ചെയ്തതും നിരന്തരമായ പീഡനത്തിന്റെ ഭാഗമാണ്. ഇരുവരും സ്വന്തമായി ബിസിനസ് നടത്തുന്നവരാണ്. മുസ്‌ലിംകളാവുകയും പോപുലര്‍ ഫ്രണ്ടിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും ചെയ്തതല്ലാതെ മറ്റൊരു കുറ്റകൃത്യവും ഇവര്‍ ചെയ്തിട്ടില്ല.

ഇഡി വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന മൂന്നാര്‍ വില്ല വിസ്ത പദ്ധതിക്കും യുഎഇയിലെ ദര്‍ബാര്‍ റെസ്‌റ്റോറന്റിനും പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല. അവ നിയമാനുസൃതമായ ബിസിനസ് സംരംഭങ്ങളാണ്. കെട്ടിച്ചമച്ച അന്വേഷണത്തിന്റെ മറവില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബിസിനസുകളെയാണ് ഇഡി ലക്ഷ്യമിടുന്നത്. തങ്ങളുടെ തിരക്കഥ കോടതിയില്‍ നിലനില്‍ക്കില്ലെന്ന ഉത്തമബോധ്യം ഇഡിക്കുണ്ട്. ഈ ഘട്ടത്തില്‍ ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് സംഘടനയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

നടപടിക്രമങ്ങള്‍ നീട്ടിവച്ചും അറസ്റ്റ് ചെയ്ത നിരപരാധികളെ തടങ്കലില്‍ വച്ചും നിലവിലുള്ള പീഡനം തുടരാനാണ് ഇഡിയുടെ നീക്കമെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. രാഷ്ട്രീയ പ്രേരിതമായ ഈ കേസുകള്‍ പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തില്ല. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. ഇത്തരം പീഡനങ്ങളെ നിയമപരമായും ജനാധിപത്യപരമായും പോപുലര്‍ ഫ്രണ്ട് നേരിടും.

Next Story

RELATED STORIES

Share it