Sub Lead

സോണിയ സ്ഥാനം ഒഴിയുമെന്ന് റിപോര്‍ട്ട്‌; പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരും ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ സോണിയ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

സോണിയ സ്ഥാനം ഒഴിയുമെന്ന് റിപോര്‍ട്ട്‌; പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷത പദവിയില്‍നിന്ന് ഒഴിയാന്‍ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചതായി സൂചന. പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരും ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ സോണിയ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തയ്യാറാണെന്നും പാര്‍ട്ടിയ്ക്ക് ഉടന്‍ പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയ മറുപടി കത്തില്‍ ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത സൂചന. നാളെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് സോണിയാഗാന്ധിയുടെ തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നും സോണിയാ ഗാന്ധിതന്നെ വിവരം വ്യക്തമാക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

അതേസമയം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഈ വാര്‍ത്തകളെ നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു കത്തും നല്‍കിയിട്ടില്ലെന്നുമാണ് സുര്‍ജേവാല പ്രതികരിച്ചത്.

അതേസമയം, സോണിയ തുടരണമെന്ന് അമരീന്ദര്‍ സിങ്ങും ഭൂപേഷ് ഭാഗലും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തു നല്‍കിയിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍, സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി ആറു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത്. നാളെ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കളുടെ നീക്കം. രാഹുലോ പ്രിയങ്കയോ അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നു ആളെ കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ ഹൂഡ, മനീഷ് തീവാരി, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങി 23 സുപ്രധാന നേതാക്കള്‍ ഒപ്പിട്ട് കത്താണ് പത്ത് ജന്‍പഥില്‍ സോണിയാ ഗാന്ധിക്ക് മുന്‍പിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ദയനീയ തോല്‍വി വിലയിരുത്താന്‍ ആത്മാര്‍ഥമായ ശ്രമമുണ്ടായില്ലെന്ന രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന കത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദമാക്കുന്നുണ്ട്. മുഴുവന്‍ സമയ അധ്യക്ഷനെ തിരത്തെടുക്കണം, ബ്ലോക്ക് തലം മുതല്‍ എഐസിസി വരെ സംഘടനാ തിരഞ്ഞെടുപ്പ്, സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സ്വതന്ത്ര അതോറിറ്റി, പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരണം, കോണ്‍ഗ്രസ് വിട്ടു പോയവരെയും അകന്നു നില്‍ക്കുന്നവരെയും തിരിച്ചു കൊണ്ടുവരാന്‍ നടപടി, മുന്നണി ശക്തിപ്പെടുത്തല്‍ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.


Next Story

RELATED STORIES

Share it