Sub Lead

ലൈംഗീക പീഡനക്കേസ്:വിജയ് ബാബു മടങ്ങിയെത്തി ; പോലിസുമായി സഹകരിക്കുമെന്ന് വിജയ് ബാബു

കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി പോലിസിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വിമാനത്താവളത്തില്‍ വെച്ച് വിജയ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.സത്യം പുറത്തുവരുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച് ഹൈക്കോടതി വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഇന്നലെ തടഞ്ഞിരുന്നു.

ലൈംഗീക പീഡനക്കേസ്:വിജയ് ബാബു മടങ്ങിയെത്തി ; പോലിസുമായി സഹകരിക്കുമെന്ന് വിജയ് ബാബു
X

കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് നിന്നും മടങ്ങിയെത്തി.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച് ഹൈക്കോടതി വിജയ് ബാബുവിനെ വ്യാഴാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് ഇന്നലെ തടഞ്ഞിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഒമ്പതരയോടെ ദുബായില്‍ നിന്നും വിജയ് ബാബു കൊച്ചിയില്‍ മടങ്ങിയെത്തിയത്.

കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും വിമാനത്താവളത്തില്‍ വെച്ച് വിജയ് ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അന്വേഷണവുമായി പോലിസിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

ഏപ്രില്‍ 22 നാണ് യുവ നടി വിജയ് ബാബുവിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് കേസെടുത്തതിനു പിന്നാലെ ഏപ്രില്‍ 24 നാണ് വിജയ് ബാബു രാജ്യം വിട്ടത്.വിദേശത്ത് തങ്ങിക്കൊണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും വിജയ് ബാബു നാട്ടിലെത്താതെ ഹരജി പരിഗണിക്കില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി.ഇതിനിടയില്‍ കൊച്ചി സിറ്റി പോലിസ് വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ് പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്റര്‍ പോള്‍ വഴി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടയില്‍ ദുബായില്‍ നിന്നും വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു.ഇതിനിടയില്‍ വിജയ് ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും മടങ്ങിവരാനുള്ള വിമാനടിക്കറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഹരജി വീണ്ടും പരിഗണിക്കവെ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ മടക്കടിക്കറ്റ് കോടതിയില്‍ ഹാജരാക്കി.എന്നാല്‍ വിജയ് ബാബു മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ അറസ്റ്റു ചെയ്യുമെന്നായിരുന്നു പോലിസ് നിലപാട്.ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്.

Next Story

RELATED STORIES

Share it