പീഡനക്കേസ്: ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

പീഡനക്കേസ്: ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മുംബൈ: ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യാഴാഴ്ച മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ വിധി വരാനിരിക്കെയാണ് പോലിസിന്റെ നീക്കം.

നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പോലിസിന് സൂചന ലഭിച്ചതായാണ് വിവരം. ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലിസ് കേരളത്തിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. പോലിസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയുമില്ലാത്തതിനാല്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. നേരത്തെ ബിനോയിയുടെ അറസ്റ്റ് ഉടന്‍ വേണ്ടെന്നും മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചതിനുശേഷം മാത്രം മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു മുംബൈ പോലിസ്.

RELATED STORIES

Share it
Top