Sub Lead

രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവടം ഭയന്ന് പാര്‍ട്ടികള്‍

ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റി.

രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്; കുതിരക്കച്ചവടം ഭയന്ന് പാര്‍ട്ടികള്‍
X

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട ഭീതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റി. ജെഡിഎസ്സിന്റെ 32 എംഎല്‍മാരെയുമാണ് ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാക്കിയത്.

57 സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 16 സീറ്റുകളിലേക്ക് ശക്തമായ മല്‍സരമാണ് നടക്കുന്നത്.

രാജസ്ഥാന്‍

രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണം.

അതേസമയം, സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണക്കുമ്പോള്‍ ബിജെപിക്ക് 11 വോട്ട് കൂടി വേണം. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ എത്തിച്ചതില്‍ ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ക്യാംപിന് പാളയത്തിലെ പടയില്‍ ആശങ്കയുണ്ട്. ചെറുപാര്‍ട്ടികളുടെയും സ്വന്ത്രരുടെയും നിലപാട് നിര്‍ണായകമാകും.

ഹരിയാന

ഹരിയാനയില്‍ രണ്ട് രാജ്യസഭ സീറ്റുകളിലേക്കാണ് മല്‍സരം നടക്കുന്നത്. 90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബിജെപി ഒരു സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. ജയിക്കാന്‍ 31 വോട്ടാണ് വേണ്ടതെന്നിരിക്കേ കോണ്‍ഗ്രസിനുള്ളത് കൃത്യം 31 സീറ്റ്. അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നു. സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ ന്യൂസ് എക്‌സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെ സ്വന്ത്രനായി ഇറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു. മാക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടുകയും, ജെജപി, ഹരിയാന ലോക് ഹിത് പാര്‍ട്ടി എന്നിവരുടെയും ചില സ്വതന്ത്രുടെയും പിന്തുണ കിട്ടിയാല്‍ ജയിക്കാമെന്ന് ബിജെപി കരുതുന്നു.

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ആറു സീറ്റിലേക്ക് ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളടുങ്ങുന്ന മഹാവികാസ് അഘാഡിക്ക് 152 സീറ്റുകളാണുള്ളത്. ബിജെപിക്ക് 106 സീറ്റുകളുണ്ട്. ബിജെപിക്ക് രണ്ടും, മഹാവികാസ് അഘാഡിയിലെ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാം സീറ്റിലേക്ക് ബിജെപിയും ശിവേസനയും ഒരോ സ്ഥാനാര്‍ത്ഥിയെ ഇറക്കി. യുപിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്തതില്‍ കോണ്‍ഗ്രസ് ക്യാംപിലും അമര്‍ഷം ശക്തമാണ്.

കര്‍ണാടക

കര്‍ണ്ണാടകയില്‍ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it