Sub Lead

കേസ് ഒഴിവാക്കാന്‍ കൈക്കൂലി; രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കേസ് ഒഴിവാക്കാന്‍ കൈക്കൂലി; രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
X

ജയ്പൂര്‍: കേസ് ഒഴിവാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരെ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം(എസിബി) അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും അറസ്റ്റും ഒഴിവാക്കാനും ഇടനിലക്കാരന്‍ മുഖേനെ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. 17 ലക്ഷം രൂപയാണ് ഇവര്‍ ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 15 ലക്ഷമായി കുറച്ചു. രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷമാണ് ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതെന്ന് എസിബി അറിയിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവിനെ കഴിഞ്ഞയാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് മണിക്കൂറാണ് ഇഡി വൈഭവിനെ ചോദ്യം ചെയ്തത്. നവംബര്‍ 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ഗെഹലോട്ട് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൈക്കൂലിക്കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുന്നത്.

Next Story

RELATED STORIES

Share it