Sub Lead

ലോക് സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; അമേഠിയും റായ്ബറേലിയും വിധിയെഴുതും

അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ലോക് സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; അമേഠിയും റായ്ബറേലിയും വിധിയെഴുതും
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ബിഹാറിലെ 5 സീറ്റുകളിലും ജാര്‍ഖണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലുമാണ് ഇതിന് പുറമേ ഇന്ന് പോളിങ്. അമേഠിയും റായ്ബറേലിയും ഒഴിച്ച് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ എല്ലാ മണ്ഡലങ്ങളും ബിജെപി ജയിച്ചവയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മല്‍സരിക്കുന്ന ലഖ്‌നോവിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ അവകാശപ്പെടാന്‍ കഴിയുന്ന മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുന്‍ ഒളിംപ്യന്‍മാരായ കേന്ദ്രമന്ത്രി രാജ്‌വര്‍ധന്‍ റാത്തോഡ് ബിജെപിക്കും കൃഷ്ണ പൂനിയ കോണ്‍ഗ്രസിനും വേണ്ടി ഇവിടെ അങ്കത്തിനിറങ്ങുന്നു. രാജസ്ഥാനിലെ അവസാനഘട്ട തിരഞ്ഞെടുപ്പാണ് ഇന്നത്തേത്.

രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന അമേഠി തന്നെയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. ഫെബ്രുവരി 14ന് സൈനികര്‍ക്കെതിരേ ആക്രമണം നടന്ന കശ്മീരിലെ പുല്‍വമായും ഇന്ന് ബൂത്തിലേക്കു നീങ്ങും. എന്നാല്‍, ഇപ്പോഴും സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ പോളിങ് ശതമാനം രണ്ടക്കം കടക്കില്ലെന്നാണ് സൂചന. രാംവിലാസ് പാസ്വാന്റെ ശക്തികേന്ദ്രമായ ഹാജിപൂരും ലാലുവിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദളിന്റെ തട്ടകമായ സരണുമാണ് ബിഹാറില്‍ ഇന്ന് ശ്രദ്ധാകേന്ദ്രങ്ങള്‍. മുസഫര്‍പൂര്‍, സീതാമര്‍ഹി, മധുബാനി എന്നിവയാണ് ബിഹാറില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങള്‍. മാവോവാദി സ്വാധീന കേന്ദ്രങ്ങളായ ജാര്‍ഖണ്ഡിലെ ഹാസാരിബാഗ്, കൊദെര്‍മ, റാഞ്ചി, ഖുന്തി മണ്ഡലങ്ങളില്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വൈകുന്നേരം 4 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഹസാരി ബാഗില്‍ വീണ്ടും ജനവധി തേടുമ്പോള്‍ മുന്‍മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട ഖുന്തിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു.

അഞ്ചാംഘട്ടത്തോടെ 424 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാവും. ഇന്നത്തെ പോളിങ് കഴിഞ്ഞാല്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

Next Story

RELATED STORIES

Share it