Sub Lead

റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; അപ്പുണ്ണി രക്ഷപ്പെട്ടത് കോടതിയിലേക്ക് കൊണ്ടുപോകുംവഴി

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു രക്ഷപ്പെടല്‍. ഭക്ഷണം കഴിച്ച് പോലിസ് പണം കൊടുക്കുന്നതിനിടെ അപ്പുണ്ണി രക്ഷപ്പെടുകയായിരുന്നു.

റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; അപ്പുണ്ണി രക്ഷപ്പെട്ടത് കോടതിയിലേക്ക് കൊണ്ടുപോകുംവഴി
X

ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മാവേലിക്കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണ് അപ്പുണ്ണി പൊലിസിനെ വെട്ടിച്ച് കടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു രക്ഷപ്പെടല്‍. ഭക്ഷണം കഴിച്ച് പോലിസ് പണം കൊടുക്കുന്നതിനിടെ അപ്പുണ്ണി രക്ഷപ്പെടുകയായിരുന്നു.

കിളിമാനൂര്‍ സ്വദേശിയായ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശിയായ അപ്പുണ്ണി. രണ്ട് കൊലക്കേസ് അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ ടീം അംഗവുമാണ് അപ്പുണ്ണി. മറ്റൊരു കേസിന്റെ ഭാഗമായി മാവേലിക്കര കോടതിയില്‍ ഹാജരാക്കാനാണ് അപ്പുണ്ണിയെ കൊണ്ടുപോയത്.

2018ലാണ് റേഡിയോ ജോക്കിയെ വധിച്ചത്. മാര്‍ച്ച് 27നു പുലര്‍ച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ്(34) കൊല്ലപ്പെട്ടത്. റേഡിയോ ജോക്കിയായിരുന്ന രാജേഷിന് യുവതിയുമായുണ്ടായ അടുപ്പത്തെതുടര്‍ന്ന് ഭര്‍ത്താവായ പ്രവാസി സത്താര്‍ വധിക്കാന്‍ അപ്പുണ്ണിക്കും സംഘത്തിനും ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കേസില്‍ സത്താറിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുല്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരം മുഹമ്മദ് സാലിഹും(അലിഭായി) അപ്പുണ്ണിയും തന്‍സീറും അടങ്ങുന്ന സംഘമാണു രാജേഷിനെ കൊലപ്പെടുത്തിയതെന്നാണു പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്.

കൊലപാതകത്തിനുശേഷം അലിഭായി, തന്‍സീര്‍ എന്നിവര്‍ക്കൊപ്പം അപ്പുണ്ണി കാറില്‍ ബെംഗളൂരുവിലേക്കു കടന്നിരുന്നു. അവിടെനിന്ന് അലിഭായി ഡല്‍ഹിക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. ചെന്നൈയില്‍ നിന്ന് പിന്നീട് പോണ്ടിച്ചേരി, മധുര, ധനുഷ്‌കോടി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ താമസിച്ചു.

പൂജപ്പുര ജയിലിലെ അന്തേവാസിയായ അപ്പുണ്ണി, താന്‍ ജയില്‍ ചാടുമെന്ന് ജയിലില്‍ ഒപ്പമുളളവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ ലാഘവത്തോടെയാണ് പോലിസ് കോടതിയില്‍ കൊണ്ടുപോയത്. റേഡിയോ ജോക്കി കേസിന്റെ വിചാരണ നടപടികള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അപ്പുണ്ണിയുടെ രക്ഷപ്പെടല്‍. രാജേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പ്രധാന പങ്കുവഹിച്ച ആളാണ് അപ്പുണ്ണി.

Next Story

RELATED STORIES

Share it