Sub Lead

തെല്‍അവീവില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്

പൊതു സുരക്ഷാ മന്ത്രി അമീര്‍ ഒഹാനയുടെ തെല്‍അവീവിലെ വസതിക്ക് സമീപം പ്രതിഷേധവുമായി ഒത്തുകൂടിയവര്‍ക്കുനേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്.

തെല്‍അവീവില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്
X

തെല്‍അവീവ്: പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തിനെതിരേ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്.

പൊതു സുരക്ഷാ മന്ത്രി അമീര്‍ ഒഹാനയുടെ തെല്‍അവീവിലെ വസതിക്ക് സമീപം പ്രതിഷേധവുമായി ഒത്തുകൂടിയവര്‍ക്കുനേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സമരം അവസാനിപ്പിച്ച് ഒഹാനയുടെ വസതിക്ക് സമീപത്ത്‌നിന്ന് അയലോണ്‍ ഹൈവേയിലേക്ക് പോയ ചില പ്രതിഷേധക്കാരെയാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ ആക്രമി സംഘം കല്ലുകളും ഗ്ലാസ് ബോട്ടിലുകളും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ച് ആക്രമിച്ചത്. സമരക്കാരെ തടഞ്ഞുനിര്‍ത്തി പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കറുത്ത പതാകകളും തൊപ്പികളും മാസ്‌കുകളും ധരിച്ച അക്രമി സംഘത്തെ തിരിച്ചറിയാനായിട്ടില്ല.


മാര്‍ച്ചില്‍ നുഴഞ്ഞുകയറിയ തീവ്രവലതു പക്ഷ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ ഫുട്‌ബോള്‍ ക്ലബ്ലായ ബെയ്താര്‍ ജറുസലേമിന്റെ ഫാന്‍സാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. പ്രതിഷേധസ്ഥലത്തിനു സമീപം നടന്ന ഫുട്‌ബോള്‍ മല്‍സരത്തിനു ശേഷം റാലിയില്‍ നുഴഞ്ഞുകയറുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും സ്ഥലംവിട്ടതിനു ശേഷമാണ് ആക്രമണമുണ്ടായത്.


കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ജറുസലേമിലെ പ്രധാനമന്ത്രി ഔദ്യോഗിക വസതിക്ക് പുറത്ത് പതിവായി പ്രതിഷേധിക്കുന്ന ബ്ലാക്ക് ഫ്‌ലാഗ്‌സ് പ്രസ്ഥാനം ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനകീയവും അഹിംസാത്മകവുമായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ പോലിസിനെ ഒഹാന ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധകര്‍ മാര്‍ച്ച നടത്തിയത്.

Next Story

RELATED STORIES

Share it