Sub Lead

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു

പത്മഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം, ഖുര്‍ആന്‍ പ്രചാരകനും പ്രബോധകനും ചിന്തകനും കൂടിയായിരുന്നു. ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനവും രചിച്ചിട്ടുണ്ട്.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു
X

ലഖ്‌നോ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ മൗലാന വഹീദുദ്ദീന്‍ ഖാന്‍ (96) അന്തരിച്ചു. പത്മഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം, ഖുര്‍ആന്‍ പ്രചാരകനും പ്രബോധകനും ചിന്തകനും കൂടിയായിരുന്നു. ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനവും രചിച്ചിട്ടുണ്ട്. 1925 ജനുവരി ഒന്നിന് ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീന്‍ ഖാന്‍ ജനിച്ചത്. പരമ്പരാഗത ഇസ്‌ലാമിക പാഠശാലയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങള്‍ എഴുതുമായിരുന്നു. മുഖ്യധാരയോട് കലഹിച്ച അദ്ദേഹം, ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായിരുന്നു.

1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 അര്‍രിസാല എന്നൊരു ഉര്‍ദു മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി. 'ഹൈജാക്കിങ് എ ക്രൈം, 'റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്‌ലാം', 'ദ കണ്‍സപ്റ്റ് ഓഫ് ചാരിറ്റി ഇന്‍ ഇസ്‌ലാം', ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്.

അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 18ാമത് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം (2010), ഡെമിര്‍ഗസ് പീസ് ഇന്റര്‍ നാഷനല്‍ അവാര്‍ഡ്, മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അംഗീകാരത്തോടെയുള്ള പുരസ്‌കാരം, നാഷനല്‍ സിറ്റിസണ്‍ അവാര്‍ഡ് (മദര്‍ തെരേസ സമ്മാനിച്ചത്) എന്നീ പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ദ പ്രൊഫറ്റ് ഓഫ് പീസ്, ദ ഖുര്‍ആന്‍ എ ന്യൂ ട്രാന്‍സ്ലേഷന്‍, എ ട്രഷറി ഓഫ് ദ ഖുര്‍ആന്‍, തഥ്കിറുല്‍ ഖുര്‍ആന്‍, ഇന്ത്യന്‍ മുസ്‌ലിംസ്: ദി നീഡ് ഫോര്‍ എ പോസിറ്റീവ് ഔട്ട്‌ലുക്ക്, ഇന്‍ട്രഡ്യൂസിങ് ഇസ്‌ലാം: എ സിംപിള്‍ ഇന്‍ട്രോടക്ഷന്‍ ടു ഇസ്‌ലാം, ഇസ്‌ലാം റീഡിസ്‌കവേര്‍ഡ്: ഡിസ്‌കവറിങ് ഇസ്‌ലാം ഫ്രം ഇറ്റ്‌സ് ഒറിജിനല്‍ സോഴ്‌സ്, ഇസ്‌ലാം ആന്റ് പീസ്, ഇസ്‌ലാം: ക്രിയേറ്റര്‍ ഓഫ് ദ മോഡേണ്‍ ഏജ്, വേര്‍ഡ്‌സ് ഓഫ് പ്രൊഫറ്റ് മുഹമ്മദ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

ഇടിവി ഉര്‍ദു, ബ്രിഡ്ജസ് ടിവി, ഐടിവി, ക്യു ടിവി, ആജ് ടിവി തുടങ്ങിയ ടിവി ചാനലുകള്‍ക്ക് വേണ്ടി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മില്ലിഗസറ്റ് പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുല്‍ ഇസ്‌ലാം ഖാന്‍ വഹീദുദ്ദീന്‍ ഖാന്റെ മകനാണ്.

Next Story

RELATED STORIES

Share it