Sub Lead

'ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല'; 'മറുനാടന്‍ മലയാളി'യുടെ കള്ളവാര്‍ത്തക്കെതിരേ നിയമനടപടിയുമായി പ്രിഥ്വിരാജ് സുകുമാരന്‍

ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; മറുനാടന്‍ മലയാളിയുടെ കള്ളവാര്‍ത്തക്കെതിരേ നിയമനടപടിയുമായി പ്രിഥ്വിരാജ് സുകുമാരന്‍
X

കൊച്ചി: മലയാള സിനിമയില്‍ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയെന്നും നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി രൂപ പിഴയടച്ചെന്നുമുള്ള വാര്‍ത്തയില്‍ തന്റെ പേര് പരാമര്‍ശിച്ചതിനെതിരേ നിയമനടപടിയുമായി നടനും നിര്‍മാതാവുമായ പ്രിഥ്വിരാജ് സുകുമാരന്‍. വിഷയത്തില്‍ കള്ളവാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിനെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് പ്രിഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

പ്രിഥ്വിരാജിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

'വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളെയും വാര്‍ത്തകളെയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റെയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റംവരെ പോവാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല. എന്നാണ് പ്രിഥ്വിരാജ് സുകുമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായ് 25 കോടി അടച്ചുവെന്നും പ്രൊപ്പഗണ്ട സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരേ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത, മറുനാടന്‍ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തുത ചാനലിനെതിരേ ശക്തമായ നിയമനടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളെയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകള്‍ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ, ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

മലയാള സിനിമയിലേക്ക് വിദേശത്തുനിന്ന് വന്‍തോതില്‍ കള്ളപ്പണം ഒഴുകുന്നതായുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയെന്നും വിദേശത്തുനിന്ന് വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചതോടെ നിര്‍മാണ കമ്പനി പിഴ അടച്ചെന്നുമായിരുന്നു വാര്‍ത്ത. ഇതില്‍ നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി പിഴയടച്ചെന്നായിരുന്നു വാര്‍ത്ത. അതില്‍ പ്രിഥ്വിരാജാണ് പിഴയടച്ചതെന്നാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്. നിരീക്ഷണത്തിലുള്ള നാല് നിര്‍മാതാക്കളേയും ഇഡി ചോദ്യം ചെയ്യുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള സംഘമാണ് മലയാള സിനിമയില്‍ പണം മുടക്കുന്നതെന്നാണ് വാര്‍ത്തയിലെ ഉള്ളടക്കം. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ലഭിച്ചതായി റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it