Sub Lead

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ കാമുകന് വധശിക്ഷ

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ കാമുകന് വധശിക്ഷ
X

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെ കൊലപ്പെടുത്തിയ മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പതിശേരിവീട്ടില്‍ രജനി (38) മയക്കുമരുന്ന് കേസില്‍ ഒഡീഷ റായഘട്ട് ജയിലില്‍ റിമാന്‍ഡിലാണ്. രജനിയെ നാട്ടിലെത്തിച്ച ശേഷം ശിക്ഷ വിധിക്കും.

പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരും കൊലയെന്ന് തെളിഞ്ഞത്. 2021 ജൂലൈ ഒന്‍പതിനാണ് സംഭവം. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലിസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. നിലവില്‍ മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it