Sub Lead

കലാപാഹ്വാനം: പ്രജ്ഞാസിങ്ങിനെതിരേ കേസില്ല; നേരിട്ട് ഹാജരാവാന്‍ പരാതിക്കാരന് പോലിസിന്റെ നോട്ടിസ്

കലാപാഹ്വാനം: പ്രജ്ഞാസിങ്ങിനെതിരേ കേസില്ല; നേരിട്ട് ഹാജരാവാന്‍ പരാതിക്കാരന് പോലിസിന്റെ നോട്ടിസ്
X

ബംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലിസ്. അതേസമയം, പ്രജ്ഞാ സിങ്ങിനെതിരേ പരാതി നല്‍കിയ ആളോട് നേരിട്ട് ഹാജരാവാന്‍ കര്‍ണാടക പോലിസ് നോട്ടിസ് അയച്ചിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തു.

എന്നാല്‍, കലാപാഹ്വാനം നടത്തിയ ബിജെപി എംപിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ടതിന് പകരം പരാതിക്കാരനായ പൂനേവാലയോട് അന്വേഷണത്തില്‍ പങ്കുചേരുന്നതിന് നേരിട്ട് സ്റ്റേഷനിലെത്തണമെന്ന് ശിമോഗ കോട്ടെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇ- മെയില്‍ മുഖേന നോട്ടിസ് അയച്ചിരിക്കുകയാണ്. 28ന് രാവിലെ 11 മണിക്ക് ഹാജരാവണമെന്നാണ് നോട്ടിസിലെ അറിയിപ്പ്. ഇ- മെയില്‍ വഴി അയച്ച പരാതിയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയുടെ മുന്‍ വിധിയുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനെ നേരിട്ട് വിളിച്ചുവരുത്തുന്നതെന്നും നോട്ടിസില്‍ പറയുന്നു.

പ്രജ്ഞാ സിങ് നടത്തിയ പ്രസംഗം ന്യൂനപക്ഷ സമുദായത്തിനെതിരേ ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് നയിക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള തുറന്ന ആഹ്വാനമാണെന്ന് പരാതിയില്‍ പൂനെവാല ചൂണ്ടിക്കാട്ടി. പ്രസ്തുത പ്രസംഗത്തില്‍ ഒരു പ്രത്യേക സമുദായത്തിനെതിരേ അസഹിഷ്ണുത, വിദ്വേഷം, അക്രമം എന്നിവ പ്രകടിപ്പിക്കുന്നുണ്ടെന്നും അത് കുറ്റകരമാണെന്നും പരാതിയില്‍ പറയുന്നു. മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഐപിസി സെക്ഷന്‍ 153 എ, 153ബി, പൊതുശല്യത്തിന് 268, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ പ്രവൃത്തികള്‍ക്ക് 295 എ എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം താക്കൂറിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം പോലിസിനോട് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണ മേഖല വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ശത്രുക്കള്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ടെന്നും അവരെ നേരിടാന്‍ വീടുകളില്‍ കത്തികള്‍ മൂര്‍ച്ചകൂട്ടി വയ്ക്കണമെന്നും പ്രജ്ഞാ സിങ് താക്കൂര്‍ പറഞ്ഞത്. നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കൂ, ഒന്നുമില്ലെങ്കില്‍ പച്ചക്കറികള്‍ അരിയുന്ന കത്തികളെങ്കിലും മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക. 'ലൗ ജിഹാദിന്' അതേ രീതിയില്‍ തക്ക മറുപടി നല്‍കണമെന്നും അവര്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it