സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ത്ഥം പുരസ്‌കാരം ഏര്‍പ്പെടുത്തി പോപുലര്‍ ഫ്രണ്ട്
ഏതെങ്കിലും സേവന മേഖലകളില്‍ സമൂഹത്തിനു നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് രണ്ടു വര്‍ഷത്തിലൊരിക്കലാവും പുരസ്‌കാരം സമ്മാനിക്കുക.
ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ എംപിയുമായ സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ത്ഥം പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഏതെങ്കിലും സേവന മേഖലകളില്‍ സമൂഹത്തിനു നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് രണ്ടു വര്‍ഷത്തിലൊരിക്കലാവും പുരസ്‌കാരം സമ്മാനിക്കുക. ഇന്ത്യന്‍ പൗരന്‍മാരായ വ്യക്തി, സ്ഥാപനം, സംഘടന എന്നിവയില്‍ ഏതെങ്കിലും ഒന്നിനേയാവും പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക.
നയതന്ത്രജ്ഞന്‍, സമുദായ നേതാവ്, ചിന്തകന്‍, കോളമിസ്റ്റ്, എഡിറ്റര്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി എന്ന നിലയിലാണ് സയ്യിദ് ശഹാബുദ്ദീന്റെ സ്മരണാര്‍ഥം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2018-2019 കാലയളവിലേക്കുള്ള പ്രഥമ അവാര്‍ഡ് ഈ വര്‍ഷം വിതരണം ചെയ്യും.
അവാര്‍ഡ് നിര്‍ണയത്തിനായി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി ചെയര്‍മാനും ഡോ. സഫറുല്‍ ഇസ്‌ലാംഖാന്‍ (ചെയര്‍മാന്‍, ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍), പര്‍വീണ്‍ അമാനുള്ള (ബീഹാര്‍ മുന്‍മന്ത്രി, സയ്യിദ് ശഹാബുദ്ദീന്റെ മകള്‍), രവി നായര്‍(ഡയറക്ടര്‍, എസ്എഎച്ച്ആര്‍ഡിസി), പ്രഫ. പി കോയ(ജനറല്‍ സെക്രട്ടറി, എന്‍സിഎച്ച്ആര്‍ഒ), ഡോ. ഹസീന ഹാശിയ(പ്രഫസര്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയ), അബ്ദുല്‍ വാഹിദ് സേട്ട്(സെക്രട്ടറി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), ഇ എം അബ്ദുറഹ്മാന്‍(കണ്‍വീനര്‍) എന്നിവര്‍ അംഗങ്ങളായും സമിതി രൂപീകരിച്ചു.
അവാര്‍ഡിന് പരിഗണിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. നിര്‍ദ്ദേശിക്കപ്പെടുന്ന പേരും ലഘുവിവരണവും 2019 സപ്തംബര്‍ 15ന് മുമ്പ് ssawardjury@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം.