Top

രാജ്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പൗരന്മാരുടെ വിപുലമായ മുന്നേറ്റത്തിന് ആഹ്വാനം; പോപുലര്‍ഫ്രണ്ട് ദേശീയ പൊതുസഭ സമാപിച്ചു

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ നടപ്പാക്കാന്‍ കാണിക്കുന്ന നിര്‍ബന്ധബുദ്ധി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ദേശീയ ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാജ്യവും ഭരണഘടനയും സംരക്ഷിക്കാന്‍ പൗരന്മാരുടെ വിപുലമായ മുന്നേറ്റത്തിന് ആഹ്വാനം; പോപുലര്‍ഫ്രണ്ട് ദേശീയ പൊതുസഭ സമാപിച്ചു

മലപ്പുറം: വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണികളില്‍ നിന്ന് രാജ്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കുന്നതിന് പൗര മുന്നേറ്റം വിപുലപ്പെടുത്താന്‍ മുഴുവന്‍ പൗരന്‍മാരോടും വിവിധ വിഭാഗങ്ങളോടും പൗര സമൂഹങ്ങളോടും ആഹ്വാനം ചെയ്ത് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസമായി നടന്ന പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ അസംബ്ലി സമാപിച്ചു.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന സമാധാനപരമായ ജനകീയ പ്രതിഷേധങ്ങളെ പ്രശംസിക്കുന്നതോടൊപ്പം ഈ സമരം ഹൃസ്വകാല പ്രവര്‍ത്തിയായി മാറരുതെന്നും മറിച്ച് നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ അവകാശത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള ജനകീയ മുന്നേറ്റത്തിന്റെ തുടക്കം ആകണമെന്നും ദേശീയ ജനറല്‍ അസംബ്ലി ഓര്‍മിപ്പിച്ചു.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ നടപ്പാക്കാന്‍ കാണിക്കുന്ന നിര്‍ബന്ധബുദ്ധി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ദേശീയ ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ നിയമത്തിനെതിരെ തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് പൗരന്‍മാരുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കണം. വലിയ വിഭാഗം പൗരന്‍മാരുടെ പൗരത്വ അവകാശം ഇല്ലാതാക്കുന്ന പൗരത്വ നിയമം മധ്യസ്ഥതയില്ലാതെ തന്നെ സര്‍ക്കാര്‍ പിന്‍വലിക്കണം. നിലവിലെ ഘടനയിലുള്ള സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി സ്വന്തം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രമേയം പാസാക്കി സിഎഎക്കെതിരായ നിലപാടിലെ ആത്മാര്‍ത്ഥത കാണിക്കണമെന്ന് മുഴുവന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരിനോടും ദേശീയ ജനറല്‍ അസംബ്ലി മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരുകള്‍ ഉത്തരവിടണം.

സമാധനപരമായി സമരം ചെയ്യുന്നവര്‍ക്കുനേരെ നടത്തുന്ന നിഷ്ഠൂരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ബിജെപി സംസ്ഥാന സര്‍ക്കാരുകളോടും പോപുലര്‍ഫ്രണ്ട് ആവശ്യപ്പെട്ടു. നിയപരമായി പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താനും അടിച്ചമര്‍ത്താനും ബിജെപി സര്‍ക്കാര്‍ നടത്തുന്ന ദുഷ്‌പ്രേരണയോടെയുള്ള വേട്ടയാടലുകളില്‍ സംഘടന പ്രതിഷേധമറിയിച്ചു.സംഘടനക്കെതിരെ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും നടത്തുന്ന ദ്രോഹ നടപടികളും വ്യാജ പ്രചാരണങ്ങളും അവസാനിപ്പിക്കണം.

യുപി പോലിസ് സ്‌റ്റേറ്റായി മാറിയിരിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ജനങ്ങളുടെ പൗരാവകാശ ലംഘനത്തിനെത്തിനെതിരേ ശബ്ദമുയര്‍ത്തണമെന്ന് മതേതര സംഘടനകളോട് ആഹ്വാനം ചെയ്തു.ബാബരി മസ്ജിദ് പണിയാനായി ലഭിച്ച ഭൂമി സ്വീകരിക്കുമെന്ന യുപി സുന്നി വഖഫ് ബോഡിന്റെ തീരുമാനത്തെ മറ്റൊരു പ്രമേയത്തിലൂടെ പോപുലര്‍ഫ്രണ്ട് കുറ്റപ്പെടുത്തി. സമുദായത്തിന്റെ വികാരത്തിനെതിരെ പ്രവര്‍ത്തിച്ച യുപി സുന്നി വഖഫ് ബോര്‍ഡ് മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്നും സംഘടന വിലയിരുത്തി.

തകര്‍ച്ചയില്‍നിന്നും സാമ്പത്തിക വ്യവസ്ഥയെയും രാജ്യത്തെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.മതിലുകള്‍ പണിത് സാമ്പത്തിക തകര്‍ച്ച മറച്ചുവെക്കുകയാണെന്നും യോഗം നിരീക്ഷിച്ചു.ജമ്മുകശ്മീരില്‍ ചുമത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം. വീട്ടുതടങ്കലിലടച്ച രാഷ്ട്രീയ നേതാക്കളേയും മറ്റ് രാഷ്ട്രീയ തടവുകാരെയും അടിയന്തരമായി വിട്ടയക്കണെന്നും സംഘടന ആവശ്യപ്പെട്ടു.

പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഫലസ്തീനിലെ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രയേല്‍ നീക്കത്തേയും ദേശീയ ജനറല്‍ അസംബ്ലി കുറ്റപ്പെടുത്തി. സംവരണം മൗലികാവകാശമല്ലെന്ന പരമോന്നത കോടതി അടുത്തിടെ നടത്തിയ വിധി സംവരണ ആശയത്തെയും പിന്നാക്ക, ദലിത് പുരോഗതിയെയും ദുര്‍ബ്ബലപ്പെടുത്തുമെന്ന് മറ്റൊരു പ്രമേയത്തില്‍ ദേശീയ ജനറല്‍ അസംബ്ലി നിരീക്ഷിച്ചു. പൗരന്‍മാരുടെ അവകാശമായ സംവരണ വ്യാവസ്ഥാ സംരക്ഷണമെന്നത് നടന്നുകൊണ്ടിരിക്കുന്ന പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാണമെന്ന് യോഗം ഓര്‍മ്മിപ്പിച്ചു.
Next Story

RELATED STORIES

Share it