Sub Lead

'പോലിസ് പെരുമാറിയത് തെരുവ് ഗുണ്ടാസംഘങ്ങളെ പോലെ'; അതിക്രമത്തിന് ഇരയായവരുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

പോലിസ് പെരുമാറിയത് തെരുവ് ഗുണ്ടാസംഘങ്ങളെ പോലെ;  അതിക്രമത്തിന് ഇരയായവരുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

ആലപ്പുഴ: ആലപ്പുഴയില്‍ പോലിസ് അതിക്രമത്തിനിരയായ മണ്ണഞ്ചേരി അടിവാരം പനക്കല്‍ ഹാരിസ്, ആര്യാട് പള്ളിമുക്ക് അസ്ലം എന്നിവരുടെ വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ചത്.

സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്ക് അതിക്രമിച്ചു കയറി പരാക്രമം കാട്ടിയ പോലീസ് ഗുണ്ടാസംഘങ്ങളെ പോലെയാണ് പെരുമാറിയതെന്ന് പോലിസ് അതിക്രമത്തിന് ഇരയായ കുടുംബങ്ങള്‍ പറഞ്ഞു. ഞെട്ടലില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഇതുവരെ മോചിതമായിട്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്ത്രീകള്‍ അവരുടെ അനുഭവം വിശദീകരിച്ചത്.

പോലിസുകാര്‍ സ്ത്രീകള്‍ക്കു നേരേ അസഭ്യവര്‍ഷം ചൊരിയുകയായിരുന്നു. മരണപ്പെട്ടു പോയ മാതാപിതാക്കളെ വരെ ചേര്‍ത്താണ് അസഭ്യം ചൊരിഞ്ഞത്. പിഞ്ചു കുട്ടികളെ പോലും ഭീഷണിപ്പെടുത്തി. കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വരെ വലിച്ചെറിഞ്ഞു. അടുക്കളയില്‍ കയറിയ പോലീസ് ഭക്ഷണ സാധനങ്ങള്‍ എടുത്ത് നിലത്തെറിഞ്ഞു. വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. ഭീകരമായ അഴിഞ്ഞാട്ടത്തിനിടെ ഇവര്‍ പോലീസുകാരാണോ അതോ ഏതെങ്കിലും ശത്രുക്കളാണോ എന്നു പോലും സംശയിച്ചു. യൂനിഫോം കൊണ്ടു മാത്രമാണ് പോലിസുകാരാണ് എന്ന് ഉറപ്പിച്ചത് കണ്ഠമിടറി സ്ത്രീകള്‍ വിശദീകരിക്കുന്നു.

കുട്ടികള്‍ പഠിക്കാനുപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പോലിസ് എടുത്തുകൊണ്ടു പോയി. ചോദിച്ചപ്പോള്‍ 'നിന്റെയൊന്നും മക്കള്‍ പഠിക്കണ്ട' എന്ന് ആക്രോശിച്ചു. പുരുഷ പോലിസുകാരോടൊപ്പം എത്തിയ വനിതകളായ രണ്ടു പേര്‍ പുറത്തുനിന്നു.

'ഇനി നിന്റെ ഭര്‍ത്താവിനെ കിട്ടില്ല, നിന്നെയും പ്രതിയാക്കും' എന്നു തുടങ്ങി പിന്നീട് കേട്ടാല്‍ അറപ്പുളവാക്കുന്ന അസഭ്യവര്‍ഷമായിരുന്നു. മിണ്ടാപ്രാണികളായ പൂച്ചകളെ പോലും കൊന്നുകളയുമെന്നു പറഞ്ഞു. പോലിസുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ 'നിന്റെയൊന്നും കുട്ടികള്‍ ഉറങ്ങണ്ട, എവിടെയൊക്കെയാടീ നിനക്ക് കുടുംബക്കാരുള്ളത്, നിന്റെയൊന്നും കുടുംബക്കാരെ പോലും ഉറക്കില്ല' തുടങ്ങി പോലിസിന്റെ ആക്രോശത്തില്‍ സ്ത്രീകളും കുട്ടികളും ഭയത്തിലും പരിഭ്രാന്തിയിലുമാണ്. കുട്ടികളുടെ സൈക്കിള്‍ പോലും എടുത്തെറിഞ്ഞു. ഇനി നിനക്ക് ബാപ്പയെ കാണാമെന്ന് വ്യാമോഹിക്കേണ്ട എന്നും പോലിസ് പറഞ്ഞു. പലരുടെയും ബന്ധുവീടുകളില്‍ പോലും അര്‍ധരാത്രി കടന്നു ചെന്ന് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ.്

പോലിസിന്റെ അതിക്രമത്തിനെതിരേ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന പോലിസ് മേധാവി, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. പോലീസ് അഴിഞ്ഞാട്ടത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ രംഗത്ത് വരണമെന്നും നേതാക്കള്‍ പറഞ്ഞു.

പോലിസിന്റെ ഈ പൈശാചിക നടപടിക്കെതിരേ ശക്തമായ നിയമ പോരാട്ടങ്ങള്‍ക്കും പ്രക്ഷോഭ പരിപാടികള്‍ക്കും എസ്ഡിപിഐ നേതൃത്വം നല്‍കും. എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് റിയാസ്, മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം നവാസ് നൈന എന്നിവരും ഒപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it