Sub Lead

''പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ബോധവല്‍ക്കരണം വേണ്ടി വരും'' സുപ്രിംകോടതി

പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു, ബോധവല്‍ക്കരണം വേണ്ടി വരും സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രിംകോടതി. വിവാഹ ബന്ധത്തിലെ തര്‍ക്കങ്ങളിലും കൗമാരക്കാര്‍ക്കിടയിലെ പ്രണയങ്ങളിലും നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ആര്‍ മഹാദേവും പറഞ്ഞത്. ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. ''പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഒളിച്ചോടി പോവുമ്പോള്‍ ആണ്‍കുട്ടികള്‍ക്കെതിരേ പോക്‌സോ നിയമം ഉപയോഗിക്കുന്നു.''-ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. പോക്‌സോ നിയമത്തെ കുറിച്ച് ആണ്‍കുട്ടികളെയും പുരുഷന്‍മാരെയും ബോധവല്‍ക്കരിക്കേണ്ട സാഹചര്യമുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിനുള്ള വയസ് 16 ആക്കി കുറക്കണമെന്ന ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കരുതെന്നാണ് അമിക്കസ് ക്യൂറി ഇന്ദിരാ ജയ്‌സിങ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. പ്രണയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയെ പോക്‌സോ കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതായി ഡല്‍ഹി ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹതര്‍ക്കങ്ങളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതായി കേരള ഹൈക്കോടതി നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it