Sub Lead

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ കോടികളുടെ അഴിമതി; ഡിഎച്ച്എഫ്എല്‍ ഉടമകള്‍ക്കെതിരേ കേസെടുത്ത് സിബിഐ

വായ്പകള്‍ അനുവദിച്ച ഡിഎച്ച്എഫ്എല്‍ പോലുള്ള ധനകാര്യസ്ഥാപനങ്ങളാണ് സബ്‌സിഡി ക്ലെയിം ചെയ്യേണ്ടത്. ഇതിന്റെ മറവില്‍ സബ്‌സിഡി തട്ടിയെടുക്കുന്നതിനായി 14,000 കോടിയിലധികം രൂപയുടെ വ്യാജവും സാങ്കല്‍പികവുമായ ഭവനവായ്പാ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവര്‍ സബ്‌സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് തട്ടിയെടുത്തതെന്ന് സിബിഐ കണ്ടെത്തി.

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ കോടികളുടെ അഴിമതി; ഡിഎച്ച്എഫ്എല്‍ ഉടമകള്‍ക്കെതിരേ കേസെടുത്ത് സിബിഐ
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) പേരില്‍ നടത്തിയ കോടികളുടെ അഴിമതി സിബിഐ പുറത്തുകൊണ്ടുവന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ധവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) ഉടമകളായ കപില്‍, ധീരജ് വാധവന്‍ സഹോദരങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2022ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളില്‍ (ഇഡബ്ല്യുഎസ്) നിന്നുള്ളവര്‍ക്കും താഴ്ന്ന, ഇടത്തരം വരുമാന ഗ്രൂപ്പുകളില്‍ നിന്നുള്ളവര്‍ക്കുമാണ് വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പലിശ സബ്‌സിഡിയായി ലഭിക്കും. വായ്പകള്‍ അനുവദിച്ച ഡിഎച്ച്എഫ്എല്‍ പോലുള്ള ധനകാര്യസ്ഥാപനങ്ങളാണ് സബ്‌സിഡി ക്ലെയിം ചെയ്യേണ്ടത്. ഇതിന്റെ മറവില്‍ സബ്‌സിഡി തട്ടിയെടുക്കുന്നതിനായി 14,000 കോടിയിലധികം രൂപയുടെ വ്യാജവും സാങ്കല്‍പികവുമായ ഭവനവായ്പാ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവര്‍ സബ്‌സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് തട്ടിയെടുത്തതെന്ന് സിബിഐ കണ്ടെത്തി.

കപിലും ധീരജ് വാധവനും ഡിഎച്ച്എഫ്എലിന്റെ ബാന്ദ്രാ ശാഖയില്‍ മാത്രം 2.6 ലക്ഷം വ്യാജ ഭവനവായ്പ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. 2007-2019 കാലയളവില്‍ 14,046 കോടി രൂപ ഈ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 11,755 കോടി മറ്റ് വ്യാജസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ 2015 ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാര്‍ പിഎംഎവൈ പദ്ധതി ആരംഭിച്ചത്.

പിഎംഎവൈ പ്രകാരം 88,651 വായ്പകള്‍ കൈകാര്യം ചെയ്തതായും 539.4 കോടി സബ്‌സിഡിയായി ലഭിച്ചതായും 1,347.8 കോടി രൂപ കുടിശ്ശിക വരുത്തിയതായുമാണ് 2018 ഡിസംബറില്‍ ഡിഎംഎഫ്എല്‍ നിക്ഷേപകരോട് പറഞ്ഞതെന്ന് സിബിഐ അറിയിച്ചു. അതേസമയം, ഓഡിറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് കപിലും ധീരജ് വാധവനും 2.6 ലക്ഷം വ്യാജ ഭവന വായ്പാ അക്കൗണ്ടുകള്‍ ആരംഭിച്ചതായി കണ്ടെത്തി. ഇവയില്‍ പലതും പിഎംഎവൈ പദ്ധതിക്ക് കീഴിലാണെന്നും വ്യക്തമായി.

2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് യെസ് ബാങ്ക് 3,700 കോടിയുടെ പൊതുഫണ്ട് ഡിഎച്ച്എഫ്എല്ലില്‍ നിക്ഷേപിച്ചത്. ഇതിന് പകരമായി യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ ഭാര്യയും പെണ്‍മക്കളും നിയന്ത്രിക്കുന്ന സ്ഥാപനത്തിന് വായ്പയായി വാധവന്‍ സഹോദരന്‍മാര്‍ 600 കോടി രൂപ നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വാധവന്‍ സഹോദരന്‍മാര്‍ അറസ്റ്റിലാവുന്നത്. മാര്‍ച്ചിലാണ് കപൂര്‍ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it