Sub Lead

പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് ഇന്ന്; ദന്തല്‍ വിഭാഗം പിന്‍മാറി

സ്‌റ്റൈപന്റ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ഇന്ന് ഒപിയും കിടത്തിച്ചികില്‍സയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മുന്നറിയിപ്പ് നല്‍കി.

പിജി വിദ്യാര്‍ഥികളുടെ സൂചനാ പണിമുടക്ക് ഇന്ന്; ദന്തല്‍ വിഭാഗം പിന്‍മാറി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. സ്‌റ്റൈപന്റ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരത്തിന്റെ ആദ്യഘട്ടമായി ഇന്ന് ഒപിയും കിടത്തിച്ചികില്‍സയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ പണിമുടക്കില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇന്ന് നടത്താനിരുന്ന സമരത്തില്‍നിന്ന് ദന്തല്‍ വിഭാഗം വിദ്യാര്‍ഥികള്‍ പിന്‍മാറി. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്റ് വര്‍ധനയുടെ കാര്യത്തില്‍ ഉറപ്പുലഭിച്ചതുകൊണ്ടാണ് സമരത്തില്‍നിന്ന് പിന്‍മാറുന്നതെന്ന് ദന്തല്‍ വിദ്യാര്‍ഥികള്‍ അറിയിച്ചു. മറ്റ് വിഭാഗങ്ങള്‍ സൂചനാ പണിമുടക്കില്‍ പങ്കെടുക്കും. 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും സ്‌റ്റൈപന്റ് 2015ന് ശേഷം വര്‍ധിപ്പിച്ചിട്ടില്ല.

സൂചനാ പണിമുടക്ക് നേരിടാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയും എസ്എടി ആശുപത്രിയും സജ്ജമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്, എസ്എടി സൂപ്രണ്ടുമാര്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ വേണ്ട ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനിടെ, പശ്ചിമബംഗാളില്‍ ഡോക്ടര്‍ ക്രൂരമര്‍ദനത്തിന് വിധേയനായ സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധദിനം ആചരിക്കും.

ഇന്ത്യയിലെ മൂന്നരലക്ഷം ഡോക്ടര്‍മാരും അമ്പതിനായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രതിഷേധ മെയിലുകള്‍ ഇതിന്റെ ഭാഗമായി അയക്കും. കൂടാതെ ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ കേന്ദ്രനിയമം കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിക്കും. കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാവും. എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ക്ക് ആശുപത്രി ആക്രമണങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട മെമ്മോറാണ്ടവും ഡോക്ടര്‍മാര്‍ നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ 11 മണിവരെ സത്യഗ്രഹ സമരവും നടത്തും. സമരം ചെയ്യുന്ന പശ്ചിമബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും ഇന്ന് പണിമുടക്കും.

Next Story

RELATED STORIES

Share it