Sub Lead

യാഗം നടത്തുക, എങ്കില്‍ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല; വിചിത്രവാദവുമായി ബിജെപി മന്ത്രി

പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തേക്ക് യാഗം നടത്തുക. ഇതാണ് യാഗ ചികില്‍സ. നമ്മുടെ പൂര്‍വികര്‍ മഹാമാരികളില്‍നിന്ന് രക്ഷനേടാനായി യാഗചികില്‍സ നടത്താറുണ്ടായിരുന്നു. ഇത്‌ചെയ്താല്‍ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ല.

യാഗം നടത്തുക, എങ്കില്‍ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല; വിചിത്രവാദവുമായി ബിജെപി മന്ത്രി
X

ഇന്‍ഡോര്‍: കൊവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ യാഗം (ആചാരപരമായ അഗ്‌നി അനുഷ്ഠാനം) നടത്തണമെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് ബിജെപി സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. ഇന്‍ഡോറില്‍ കൊവിഡ് സെന്റര്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. കൊവിഡിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് വിചിത്രവാദങ്ങള്‍ നിരത്തി നിരവധി ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസവും വിമര്‍ശനവും നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള പ്രതിവിധിയുമായാണ് ബിജെപി മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

കൊവിഡ് മൂന്നാം തരംഗത്തില്‍നിന്ന് ഇന്ത്യ രക്ഷനേടണമെങ്കില്‍ മൂന്നുദിവസം ജനങ്ങള്‍ യാഗചികില്‍സ നടത്തണമെന്നാണ് മന്ത്രിയുടെ ആവശ്യം. പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തേക്ക് യാഗം നടത്തുക. ഇതാണ് യാഗ ചികില്‍സ. നമ്മുടെ പൂര്‍വികര്‍ മഹാമാരികളില്‍നിന്ന് രക്ഷനേടാനായി യാഗചികില്‍സ നടത്താറുണ്ടായിരുന്നു. ഇത്‌ചെയ്താല്‍ കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഈ തരംഗം ആദ്യം കുട്ടികളെ ആക്രമിക്കും. ഇതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ പൂര്‍ണമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. മഹാമാരിയെ ഞങ്ങള്‍ വിജയകരമായി മറികടക്കും- ഉഷാ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവാദപ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള മന്ത്രിയാണ് ഉഷാ താക്കൂര്‍. കൊവിഡിനെ നേരിടാന്‍ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായി. സമീപകാലത്ത് മാസ്‌ക് ധരിക്കാതെ ഇവര്‍ ഒരു കൊവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

കൊവിഡ് 19 നിര്‍മാര്‍ജനം ചെയ്യുന്നതിനായി താക്കൂര്‍ അടുത്തിടെ ഇന്‍ഡോര്‍ വിമാനത്താവളത്തിലെ ഒരു പ്രതിമയ്ക്ക് മുന്നില്‍ ആചാരങ്ങള്‍ നടത്തിയതും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പകച്ചുനില്‍ക്കുകയും ലക്ഷക്കണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തുകൊണ്ടിരിക്കവെയാണ് വിചിത്രവാദവുമായി ബിജെപി മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it