Sub Lead

പാലാരിവട്ടം മേല്‍പാലത്തിന്റെ മൂന്നിലൊരു ഭാഗം പുനരുദ്ധാരണം നടത്തണമെന്ന് ഇ ശ്രീധരന്‍

പാലം പൂര്‍ണമായും പൊളിച്ച് പണിയേണ്ടതില്ല.അതേസമയം കേടുവന്നിട്ടുള്ള സ്പാനുകള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി

പാലാരിവട്ടം മേല്‍പാലത്തിന്റെ മൂന്നിലൊരു ഭാഗം പുനരുദ്ധാരണം നടത്തണമെന്ന്  ഇ  ശ്രീധരന്‍
X

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പാലത്തിന്റെ മൂന്നിലൊരു ഭാഗം പുനരുദ്ധാരണം നടത്തേണ്ടതുണ്ടെന്ന് ഡി എംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാലം പൂര്‍ണമായും പൊളിച്ച് പണിയേണ്ടതില്ല.അതേസമയം കേടുവന്നിട്ടുള്ള സ്പാനുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. പാലത്തിന്റെ 35 ശതമാനം പുനരുദ്ധാരണം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 42 കോടിയലധികും രൂപ മുടക്കിയാണ് പാലാരിവട്ടം മേല്‍പാലം നിര്‍മിച്ചത്. എന്നാല്‍ നിര്‍മണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്ത പാലം രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തകരുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ ഐ ഐ ടി അടക്കം വിദഗ്ദ സംഘം പാലത്തില്‍ പരിശോധന നടത്തിയിരുന്നു. നിര്‍മണത്തിലെ ഗുരുതരമായ ക്രമക്കേടിനെ തുടര്‍ന്നാണ് പാലം തകര്‍ന്നതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പാലം കഴിഞ്ഞ മെയ് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇ ശ്രീധരന്‍ പാലത്തില്‍ പരിശോധന നടത്തി ഏതാനും ദിവസം മുമ്പ് സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. 18 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാലത്തില്‍ നടത്തേണ്ടതുണ്ടെന്നും പത്ത് മാസങ്ങള്‍ക്ക് ശേഷമേ പാലം തുറക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുന്നതിനായി ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ സഹായം വിജിലന്‍സ് നേരത്തെ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡ് കോണ്‍ഗ്രസ് അംഗമായ ഭൂപീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദര്‍ശിച്ചത്. പാലത്തിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തില്‍ സാമ്പിള്‍ എടുക്കേണ്ട സ്ഥലങ്ങള്‍ റോഡ് കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിജിലന്‍സിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം സാമ്പിള്‍ ശേഖരണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it