Sub Lead

വീട്ടിലെ ദോഷം തീര്‍ക്കാനെന്ന പേരില്‍ ജ്യോല്‍സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി; രണ്ട് പേര്‍ അറസ്റ്റില്‍

വീട്ടിലെ ദോഷം തീര്‍ക്കാനെന്ന പേരില്‍ ജ്യോല്‍സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി; രണ്ട് പേര്‍ അറസ്റ്റില്‍
X

കൊഴിഞ്ഞാമ്പാറ: വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ജ്യോല്‍സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഘം അറസ്റ്റില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവര്‍ച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസിക്കുകയും ചെയ്യുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ് ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പോലിസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.

ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോല്‍സ്യന്റെ വീട്ടിലെത്തിയതായി പോലിസ് പറയുന്നു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോല്‍സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. എന്‍ പ്രതീഷ് എന്നയാളുടെ വീട്ടിലേക്കാണ് ജ്യോല്‍സ്യനെ കൊണ്ടുപോയത്.

വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് ജ്യോല്‍സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ കൂടെ നിര്‍ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോല്‍സ്യന്റെ നാലര പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ വീട്ടിലുണ്ടായിരുന്നു.

ഈ സമയത്താണ്, ഞായറാഴ്ച്ച നടന്ന ഒരു അടിപിടിക്കേസിലെ പ്രതിയെ തേടി ചിറ്റൂര്‍ പോലിസ് പ്രതീഷിന്റെ വീട്ടിലെത്തിയത്. പോലിസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടി. രണ്ടുപേരെ പോലിസ് ഓടിച്ചിട്ട് പിടികൂടി. അന്വേഷിച്ചു വന്ന പ്രതിയെ കിട്ടാത്തതിനെ തുടര്‍ന്ന് പോലിസ് തിരികെ പോയി. എന്നാല്‍, വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ട ഒരു സ്ത്രീ മദ്യലഹരിയില്‍ റോഡില്‍ വീണു. ഇവരുടെ അടുത്തുചെന്ന നാട്ടുകാരെ സ്ത്രീ അസഭ്യം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ പോലിസിനെ വിളിച്ചുവരുത്തി. പോലിസ് നടത്തിയ പരിശോധനയിലാണു ഹണിട്രാപ്പ് തട്ടിപ്പ് പുറത്തായത്. വീട്ടിലുള്ളവര്‍ ഇറങ്ങിയോടിയ സമയത്ത് ജ്യോല്‍സ്യന്‍ അടുക്കള വാതില്‍ വഴി രക്ഷപ്പെട്ടിരുന്നു.

സംഭവത്തില്‍ മൈമുനയും മറ്റൊരു സ്ത്രീയും ഉള്‍പ്പെടെ ഒമ്പതുപേരുണ്ടെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കൊഴിഞ്ഞാമ്പാറ പോലിസ് അറിയിച്ചു. കൊലപാതകം ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പ്രതീഷ്.

Next Story

RELATED STORIES

Share it