Sub Lead

പാക് മുന്‍ ക്രിക്കറ്റ് ബൗളര്‍ അബ്ദുല്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു

വിചിത്രമായ ബൗളിങ് ശൈലി കാരണം നൃത്ത ബൗളറായി അറിയപ്പെടുന്ന ഇതിഹാസതാരം അബ്ദുല്‍ ഖാദിര്‍ 67 ടെസ്റ്റുകളും 104 ഏകദിന മല്‍സരങ്ങളും പാകിസ്താനുവേണ്ടി കളിച്ചു.

പാക് മുന്‍ ക്രിക്കറ്റ് ബൗളര്‍ അബ്ദുല്‍ ഖാദിര്‍ ഖാന്‍ അന്തരിച്ചു
X

ലാഹോര്‍: പാകിസ്താന്റെ മുന്‍ ലെഗ് സ്പിന്നര്‍ അബ്ദുല്‍ ഖാദിര്‍ ഖാന്‍ (63) അന്തരിച്ചു. ലാഹോറില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ക്രിക്കറ്റ് താരത്തിന്റെ നിര്യാണം ഖാന്റെ മകന്‍ സല്‍മാന്‍ ഖാദിര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സര്‍വീസസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിചിത്രമായ ബൗളിങ് ശൈലി കാരണം നൃത്ത ബൗളറായി അറിയപ്പെടുന്ന ഇതിഹാസതാരം അബ്ദുല്‍ ഖാദിര്‍ 67 ടെസ്റ്റുകളും 104 ഏകദിന മല്‍സരങ്ങളും പാകിസ്താനുവേണ്ടി കളിച്ചു.


ഇംഗ്ലണ്ടിനെതിരേ 1977 ഡിസംബര്‍ 14ന് ലാഹോറില്‍ തന്റെ ആദ്യടെസ്റ്റും 1983 ജൂണ്‍ 11ന് ബര്‍മിങ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനവും കളിച്ചു. 1990 ഡിസംബര്‍ 6ന് ലാഹോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരവും 1993 നവംബര്‍ 2ന് ഷാര്‍ജയില്‍ ശ്രീലങ്കയ്‌ക്കെതിരേ അവസാന ഏകദിനവും കളിച്ചു. പാകിസ്താന്‍ ടീമിന്റെ ചീഫ് സെലക്ടറായും സേവനമനുഷ്ഠിച്ചു. ഖാന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി. അബ്ദുല്‍ ഖാദിര്‍ അന്തരിച്ച വാര്‍ത്ത കേട്ട് ഞെട്ടിപ്പോയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ താരങ്ങളായ ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ് എന്നിവരും അബ്ദുല്‍ ഖാദറിന് അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it