Sub Lead

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ പൊലിഞ്ഞത് 329 ഡോക്ടര്‍മാരുടെ ജീവനുകള്‍; പ്രതിദിനം 20 പേര്‍ മരിക്കുന്നു

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ ഇതുവരെ 80 ഡോക്ടര്‍മാരെയാണ് കൊവിഡ് മഹാമാരിയില്‍ പൊലിഞ്ഞത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ പൊലിഞ്ഞത് 329 ഡോക്ടര്‍മാരുടെ ജീവനുകള്‍; പ്രതിദിനം 20 പേര്‍ മരിക്കുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കവെ ഇതുവരെ വൈറസ് കവര്‍ന്നത് 329 ഡോക്ടര്‍മാരുടെ ജീവനുകള്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാ (ഐഎംഎ)ണ് വിവിധ സംസ്ഥാനങ്ങളിലായി ഇത്രയും ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട വിവരം പുറത്തുവിട്ടത്. രാജ്യത്ത് പ്രതിദിനം ശരാശരി 20 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ ഇതുവരെ 80 ഡോക്ടര്‍മാരെയാണ് കൊവിഡ് മഹാമാരിയില്‍ പൊലിഞ്ഞത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിക്കുന്ന കണക്കുകള്‍ സമാഹരിച്ച് ഡോക്ടര്‍മാരുടെ മരണങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ തയ്യാറാക്കിവരികയാണ് ഐഎംഎ. ഏപ്രിലില്‍ അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധി നേരിട്ട സമയത്താണ് രാജ്യതലസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത്. ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 73 ഡോക്ടര്‍മാരാണ്. ഡോക്ടര്‍മാര്‍ ന്യൂഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ രാത്രിയും പകലുമില്ലാതെ ജോലിചെയ്തതിന്റെ ഫലമായാണ് പിന്നീട് രോഗവ്യാപനം കുറഞ്ഞതെന്ന് ഐഎംഎ പറയുന്നു. രണ്ടാം തരംഗത്തിനിടെ ഉത്തര്‍പ്രദേശില്‍ 41 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യാശുപത്രികളിലും ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

രണ്ടാം തരംഗം രൂക്ഷമായ ആദ്യ രണ്ടുമാസങ്ങളില്‍തന്നെ 269 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മെയ് 18ന് ഐഎംഎ പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം അതിവേഗം ഉയരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2020 ലെ ഒന്നാം തരംഗത്തില്‍ 748 ഡോക്ടര്‍മാരെയാണ് രാജ്യത്തിന് നഷ്ടമായതെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകള്‍. എന്നാല്‍, ആയിരത്തിലധികം ഡോക്ടര്‍മാര്‍ക്ക് ഒന്നാം തരംഗത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടെന്നാണ് ഐഎംഎ ഇന്ന് പുറത്തുവിട്ട കണക്കുകളിലുള്ളത്.

12 ലക്ഷത്തിലധികം ഡോക്ടര്‍മാരാണ് രാജ്യത്തുള്ളത്. ഐഎംഎയില്‍ അംഗങ്ങളായ 3.5 ലക്ഷം ഡോക്ടര്‍മാരുടെ വിവരങ്ങള്‍ മാത്രമാണ് തങ്ങളുടെ കൈവശമുള്ളത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ മരണം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ ഇതിലും ഉയര്‍ന്നതാവാം. രാജ്യത്തെ 66 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുള്ളതെന്ന് ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it