Big stories

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ വീണ്ടും താഴോട്ട്; ഇന്ത്യയുടെ സ്ഥാനം 140 മാത്രം

പാരീസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന അതിര്‍ത്തി രഹിത ലേഖകന്‍മാര്‍ എന്ന സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (ആര്‍എസ്എഫ്) എന്ന സംഘടന തയ്യാറാക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിലാണ് ഇക്കാര്യമുള്ളത്.

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ വീണ്ടും താഴോട്ട്;  ഇന്ത്യയുടെ സ്ഥാനം 140 മാത്രം
X

ലണ്ടന്‍: ആഗോള മാധ്യസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 180 രാജ്യങ്ങളുടെ പട്ടികയില്‍ 140ാം സ്ഥാനം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട സൂചിക റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 138 ആയിരുന്നു. പാരീസ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന അതിര്‍ത്തി രഹിത ലേഖകന്‍മാര്‍ എന്ന സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (ആര്‍എസ്എഫ്) എന്ന സംഘടന തയ്യാറാക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിലാണ് ഇക്കാര്യമുള്ളത്.

രാജ്യം പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും ഏറെ അപകടകരമായ സാഹചര്യമാണ് നേരിടുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേ ഒന്നാം സ്ഥാനം നേടിയപ്പോള്‍ തുര്‍ക്ക്‌മെനിസ്താനാണ് ഇക്കാര്യത്തില്‍ ഏറ്റവും പിറകിലുള്ളത്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ജോലിയുമായി ബന്ധപ്പെട്ട് ആറു മാധ്യമ പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടിലുണ്ട്. മാവോവാദികള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നത്. നിയമ പാലകരില്‍നിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായി റിപോട്ട് വ്യക്തമാക്കുന്നു.

നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണമേഖലകളിലെ പ്രാദേശികഭാഷാ മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷി അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ വര്‍ധിച്ചു. വിമര്‍ശിച്ച് സംസാരിക്കാനും എഴുതാനും ധൈര്യം കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം വര്‍ധിച്ചു. എഴുതുന്നതോ പറയുന്നതോ ഒരു സ്ത്രീയാണെങ്കില്‍ പ്രചാരണങ്ങള്‍ കൂടുതല്‍ പരുഷമാകും.

നോര്‍വേക്ക് പിറകില്‍ ഫിന്‍ലന്‍ഡ് ആണ് രണ്ടാംസ്ഥാനം നേടിയത്. സ്വീഡന്‍ മൂന്നാമതും നെതര്‍ലന്‍ഡ്‌സിനു പിറകില്‍ ഡെന്‍മാര്‍ക്ക് അഞ്ചാമതുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലുള്ള തുര്‍ക്ക് മെനിസ്താന്റെ മുമ്പിലുള്ളത് യഥാക്രമം ഉത്തര കൊറിയയും എറിത്രിയയും ചൈനയും വിയറ്റ്‌നാമുമാണ്.

കശ്മീര്‍ പോലെയുള്ള പ്രശ്‌നബാധിതമേഖലകളിലെ മാധ്യമപ്രവര്‍ത്തനം അപകടകരമായി തുടരുകയാണെന്നും ആര്‍എസ്എഫ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ രണ്ടു സ്ഥാനം പിറകിലാണ് അയല്‍രാജ്യമായ പാകിസ്താന്‍. 142ാം സ്ഥാനമാണ് പാകിസ്താനുള്ളത്.കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുസ്ഥാനമാണ് അവര്‍ക്ക് നഷ്ടമായത്. ബംഗ്ലാദേശ് നാലുസ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി 150ാമതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസുരക്ഷയുണ്ടെന്ന് കരുതപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പത്രസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അതേസമയം, ഏകാധിപത്യരാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ കുറഞ്ഞുവരികയാണെന്നും സാന്‍സ് ഫ്രോണ്ടിയേഴ്‌സിന്റെ റിപോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it