Sub Lead

വെള്ളക്കെട്ടില്‍നിന്ന് കൊച്ചിയെ കരകയറ്റാന്‍ രാത്രിയില്‍ 'ഓപറേഷന്‍ ബ്രേക്ക് ത്രൂ'

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്

വെള്ളക്കെട്ടില്‍നിന്ന് കൊച്ചിയെ കരകയറ്റാന്‍ രാത്രിയില്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ
X

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ രാത്രി സംസ്ഥാന സര്‍ക്കാരിന്റെ ഓപറേഷന്‍ ബ്രേക്ക് ത്രൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്. രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദേശമെത്തിയതോടെ കലക്ടര്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരമുപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങുകയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കലൂരിലെ സബ് സ്‌റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യനീക്കം. രാത്രി ഒമ്പതരയോടെ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച് വെള്ളം പമ്പിങ് ആരംഭിച്ചിരുന്നു.തുടര്‍ന്ന് 10.15നു കലക്ടര്‍ എസ് സുഹാസ്, കമ്മീഷണര്‍ വിജയ് സാഖറെ, അഡീഷനല്‍ കമ്മീഷണര്‍ കെ പി ഫിലിപ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി, ഡെപ്യൂട്ടി കലക്ടര്‍ സന്ധ്യാ ദേവി, കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി ആനന്ദ്, അഗ്‌നിശമന സേനാംഗങ്ങള്‍, വൈദ്യുതി, ഇറിഗേഷന്‍, റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


കലൂര്‍, കടവന്ത്ര, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ മുതല്‍ അഗ്‌നിശമന സേന സബ് സ്‌റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് തുടങ്ങിയിരുന്നു. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കലക്ടര്‍ എസ് സുഹാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. വെള്ളക്കെട്ട് തടയാന്‍ കൊച്ചി കോര്‍പറേഷന്‍ നടപടിയെടുക്കുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഓപറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചതെന്ന് കലക്ടര്‍ മറുപടി നല്‍കി. വെള്ളം കെട്ടികിടക്കുന്ന ബണ്ടുകള്‍ കണ്ടെത്തി പൊളിച്ചുകളയും. വെള്ളക്കെട്ടില്‍ നിന്നു നഗരത്തെ മോചിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.

കലൂര്‍ കെഎസ്ഇബി സബ്‌സ്‌റ്റേഷനിലുള്ള വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ചൊവ്വാഴ്ച രാവിലെയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് നടത്തുന്നത്. എറണാകുളം നോര്‍ത്തിലെ ഡ്രൈനേജിലുള്ള ബ്ലോക്ക് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ക്ലിയര്‍ ചെയ്ത് പ്രധാന റോഡിലെ വെള്ളം ഒഴുക്കികളഞ്ഞു. ഇടറോഡുകളിലെ വെള്ളം ഒഴുകി മാറുവാന്‍ ഏകദേശം ഒരു ദിവസം കൂടി എടുക്കുമെന്നാണു കണക്കുകൂട്ടല്‍.



Next Story

RELATED STORIES

Share it