Big stories

ആഗോളതലത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം ലഭ്യമല്ല; റിപോര്‍ട്ട് പുറത്തുവിട്ട് യുഎന്‍

ആഗോളതലത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം ലഭ്യമല്ല; റിപോര്‍ട്ട് പുറത്തുവിട്ട് യുഎന്‍
X

പാരിസ്: ലോകമെമ്പാടുമുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് സ്‌കൂളിലായിരിക്കുന്ന സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠനശേഷിയെയും ബാധിക്കുന്നുവെന്ന് യുഎന്‍ സാംസ്‌കാരിക ഏജന്‍സി യുനെസ്‌കോ പുറത്തുവിട്ട പുതിയ റിപോര്‍ട്ടില്‍ പറയുന്നു. മൂന്നിലൊന്ന് സ്‌കൂളിലും നിലവാരമുള്ള കുടിവെള്ളമില്ല. ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്‌കൂളിലും അടിസ്ഥാന ശുചിത്വം പോലുമില്ല. അതായത് ടോയ്‌ലറ്റും മലിനജല സംവിധാനവും.

പകുതിയിലേറെ സ്ഥലത്തും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമില്ലാത്ത സാഹചര്യമാണ്. കുടിവെള്ളമില്ലാത്ത സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ കഴിയില്ല, ഇത് കുട്ടികളുടെ പോഷകാഹാരക്കുറവിന് കാരണമാവുന്നു. വെള്ളത്തിന്റെ അഭാവം കാരണം ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ പോവാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ ഏറെയാണ്. ആര്‍ത്തവ സമയത്ത് ഭൂട്ടാനിലെ നാലിലൊന്ന് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഹാജരാവുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. മാസത്തില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഹാജരായിട്ടില്ലെന്നാണ് കണക്ക്. ഐവറി കോസ്റ്റില്‍ അഞ്ചില്‍ ഒരാള്‍ക്ക് ആര്‍ത്തവ സമയത്ത് ക്ലാസുകള്‍ ഒഴിവാക്കേണ്ടിവന്നു.

ബുര്‍ക്കിന ഫാസോയില്‍ ഇതേ കാരണത്താല്‍ ഏഴില്‍ ഒരാള്‍ക്ക് സ്‌കൂള്‍ നഷ്ടമായി. കൊവിഡ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, വയറിളക്കം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ ശുദ്ധമായ കുടിവെള്ളവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും പ്രധാനമാണെന്ന് റിപോര്‍ട്ട് നിരീക്ഷിച്ച പോഷകാഹാര വിദഗ്ധന്‍ എമിലി സിദാനര്‍ പറഞ്ഞു. ഗുണനിലവാരമുള്ള പഠനം സാധ്യമാക്കുന്നതിന് വെള്ളത്തിലും ശുചിത്വത്തിലും കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് നല്ല ആരോഗ്യവും നല്ല ഭക്ഷണവും സ്‌കൂളില്‍ സംരക്ഷണവും ഇല്ലെങ്കില്‍, അവര്‍ക്ക് സ്‌കൂളില്‍ പഠിക്കുന്നതിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുമെന്ന് സിദാനര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it