Sub Lead

'പവന്‍ ഹാന്‍സില്‍ മുസ്‌ലിംകള്‍ക്ക് 100 ശതമാനം സംവരണം', 'നൗക്രി ജിഹാദ്'; വിദ്വേഷപ്രചാരണവുമായി വീണ്ടും സുദര്‍ശന്‍ ന്യൂസ്

പവന്‍ ഹാന്‍സില്‍ മുസ്‌ലിംകള്‍ക്ക് 100 ശതമാനം സംവരണം, നൗക്രി ജിഹാദ്; വിദ്വേഷപ്രചാരണവുമായി വീണ്ടും സുദര്‍ശന്‍ ന്യൂസ്
X

ന്യൂഡല്‍ഹി: മുസ്‌ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട് സുദര്‍ശന്‍ ന്യൂസും ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കെയും വീണ്ടും രംഗത്ത്. 'യുപിഎസ്‌സി ജിഹാദ്' കാംപയിനും പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനി ഹല്‍ദിറാമിനെതിരായ വാര്‍ത്തകള്‍ക്കും പിന്നാലെയാണ് സുദര്‍ശന്‍ ന്യൂസിന്റെ 'തൊഴില്‍ ജിഹാദ്' പ്രചാരണം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹെലികോപ്റ്റര്‍ സേവനദാതാക്കളായ പവന്‍ ഹാന്‍സില്‍ വ്യാപകമായി മുസ്‌ലിംകളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് സുദര്‍ശന്‍ ന്യൂസ് ചാനലിന്റെ ആരോപണം.

ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ സുരേഷ് ചാവങ്കെ പവന്‍ ഹാന്‍സിനെതിരേ 'നൗക്രി ജിഹാദ്' ആരോപണം പടച്ചുവിട്ടിരിക്കുന്നത്. പൊതുമേഖലാ ഹെലികോപ്റ്റര്‍ കമ്പനിയായ പവന്‍ ഹാന്‍സ് ലിമിറ്റഡില്‍ അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട 10 പേരും മുസ്‌ലിംകളാണെന്നാണ് സുരേഷ് ചാവങ്കെ പറയുന്നത്. ജാമിഅ മില്ലിയ സര്‍വകലാശാലാ വിദ്യാര്‍ഥികളാണ് ഇവരെല്ലാം. പവന്‍ ഹാന്‍സില്‍ ഹിന്ദുക്കള്‍ക്ക് ജോലി നിഷേധിക്കുകയാണെന്നും മുസ്‌ലിംകള്‍ക്ക് 100 ശതമാനം സംവരണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചാവങ്കെ പ്രചരിപ്പിക്കുന്നു.

ശനിയാഴ്ച സുരേഷ് ചാവാങ്കെ തന്റെ ബിന്ദസ് ബോള്‍ എന്ന ഷോയില്‍ ഈ 'ഭരണഘടനാ അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച്' ചര്‍ച്ച നടത്തി. സിവില്‍ സര്‍വീസുകളില്‍ മുസ്‌ലിംകള്‍ എങ്ങനെ 'നുഴഞ്ഞുകയറി' എന്ന 2020 ലെ റിപോര്‍ട്ടുകളുടെ ചുവടുപിടിച്ചായിരുന്നു ചര്‍ച്ച. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു കമ്പനി മുസ്‌ലിംകള്‍ക്ക് 100 ശതമാനം സംവരണം നല്‍കിയിട്ടുണ്ടോ?' അദ്ദേഹം തുടക്കത്തില്‍ തന്നെ ചോദിക്കുന്നു.

പവന്‍ ഹാന്‍സിന്റെ 'വിവേചനപരമായ നിയമനം റദ്ദാക്കണമോ' എന്നതിനെക്കുറിച്ച് മുമ്പ് തന്റെ ചാനലില്‍ പ്രോഗ്രാമുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള കൂയിലെ ഒരു വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു. 92 ശതമാനം പേരും ഉടന്‍തന്നെ ഇതില്‍ ആശ്ചര്യപ്പെടുന്നു എന്ന മറുപടിയാണ് നല്‍കിയതെന്ന് ചാനല്‍ പറയുന്നു. സൗദി അറേബ്യയിലെ വ്യോമയാന മേഖലയില്‍ പോലും മുസ് ലിംകള്‍ക്ക് 100 ശതമാനം സംവരണമില്ലെന്ന് ചാവങ്കെയുടെ വാദം. അവര്‍ വിദേശ വിദഗ്ധരെയാണ് എടുക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, സുദര്‍ശന്‍ ന്യൂസ് നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് റിപോര്‍ട്ടുകള്‍. പവന്‍ ഹാന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് എയറനോട്ടിക്‌സില്‍ ജാമിഅ മില്ലിയ്യ സര്‍വകലാശാല നിലവിലൊരു ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്. ഏവിയോനിക്‌സ്, മെക്കാനിക്ക് എന്നീ ബാച്ചുകളില്‍ 30 വീതം പേരായി മൊത്തം 60 പേര്‍ക്കാണ് കോഴ്‌സില്‍ ഒരുവര്‍ഷം പ്രവേശനം നല്‍കുന്നത്. സെല്‍ഫ് ഫിനാന്‍സ് കോഴ്‌സാണിത്. 1.3 ലക്ഷമാണ് വാര്‍ഷിക കോഴ്‌സ് ഫീസ്. കോഴ്‌സ് ഫീയുടെ 70 ശതമാനവും പവന്‍ ഹാന്‍സിലേക്കാണ് പോവുന്നത്. 30 ശതമാനം മാത്രമേ സര്‍വകലാശാലയ്ക്ക് ലഭിക്കൂ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരില്‍ നിശ്ചിത ശതമാനം പേര്‍ക്ക് കമ്പനിയില്‍ തൊഴില്‍ പരിശീലനത്തിനും അവസരം ലഭിക്കും.


എന്നാല്‍, ആറ് സെമസ്റ്ററുകളിലെ മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്രന്റീസ്ഷിപ്പിന് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. ഇത്തവണ 30 പേരാണ് അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ രണ്ടുവീതം മുസ്‌ലിംകളും ഹിന്ദുക്കളും ഉള്‍പ്പെടെ നാലുപേര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അഭിമുഖത്തില്‍ പങ്കെടുത്തില്ല. ബാക്കി 26 പേരില്‍ 10 പേരാണ് ഇതിന് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലും സുതാര്യമായുമാണ് സെലക്ഷന്‍ പ്രക്രിയ നടക്കുന്നതെന്നാണ് വ്യക്തിപരമായ കാരണങ്ങളാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്ന ശുഭ് സോളങ്കി 'ദി വയറി'നോട് പറഞ്ഞത്.

ഹിന്ദു വിദ്യാര്‍ഥിയായ തനിക്ക് ജാമിഅയില്‍ ഒരുതരത്തിലുമുള്ള വിവേചനമുണ്ടായിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് താനും സുഹൃത്ത് ദീപിത് ഗോയലും അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സോളങ്കി വ്യക്തമാക്കിയതോടെ സുദര്‍ശന്‍ ടിവിയുടെ വിദ്വേഷ അജണ്ട പൊളിയുകയാണ് ചെയ്തിരിക്കുന്നത്. ചാനല്‍വഴി മുസ്‌ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടതിന് പിന്നാലെ കര്‍ഷക പ്രതിഷേധത്തിനിടെ വിദ്വേഷ പ്രസംഗത്തിന് മുമ്പ് കേസെടുത്തിട്ടുള്ള ഹിന്ദുത്വ നേതാവായ രാഗിണി തിവാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡല്‍ഹിലെ പവന്‍ ഹാന്‍സ് ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.

കമ്പനി ആസ്ഥാനത്തേക്കുള്ള ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നായിരുന്നു സംഘം അകത്തുകടന്നത്. മുസ്‌ലിംകള്‍ക്കെതിരെയും ജാമിഅ മില്ലിയക്കെതിരെയും സംഘം വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഹിന്ദുക്കളുടെ പണം കൊണ്ട് മുസ്‌ലിംകള്‍ക്കാണ് ജോലി നല്‍കുന്നതെന്ന് രാഗിണി തിവാരി ആരോപിച്ചു. മോദിയെയും യോഗിയെയും എതിര്‍ക്കുന്ന ജാമിഅ മില്ലിയയിലെ ഭീകരവാദികള്‍ക്ക് എന്തിനാണ് ജോലി നല്‍കുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ ചോദിച്ചു.

Next Story

RELATED STORIES

Share it