Sub Lead

നീറ്റ് പരീക്ഷ റദ്ദാക്കില്ല, ജെഇഇ മെയിന്‍ പരീക്ഷ നാല് തവണയായി നടത്തും: വിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷ റദ്ദാക്കില്ല, ജെഇഇ മെയിന്‍ പരീക്ഷ നാല് തവണയായി നടത്തും: വിദ്യാഭ്യാസ മന്ത്രി
X

ന്യൂഡല്‍ഹി: നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍. മത്സര പരീക്ഷകളുടെയും ബോര്‍ഡ് പരീക്ഷകളുടെയും പശ്ചാത്തലത്തില്‍ അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി വെര്‍ച്ച്വല്‍ ആശയവിനിമയം നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2021ലെ ജെഇഇ മെയിന്‍ പരീക്ഷ നാല് തവണയായി നടത്താനുള്ള നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അവസാനം തുടങ്ങി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി, ഓരോതവണയും മൂന്നു-നാലു ദിവസം ആയി പരീക്ഷ നടത്താനാണ് നിര്‍ദ്ദേശം വന്നിട്ടുള്ളത്. ജെഇഇ മെയിന്‍-2021 പരീക്ഷയുടെ സിലബസ് മുന്‍ വര്‍ഷത്തേത് തന്നെയായിരിക്കും.

വരുന്ന അക്കാദമിക് വര്‍ഷത്തേക്ക് പ്രവേശനത്തിനായി, ഒന്ന്/രണ്ട്/മൂന്ന്/നാല് തവണ ജെഇഇ മെയിന്‍ 2021 പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. റാങ്ക് നിര്‍ണയത്തിനായി ഇവയില്‍ ഏറ്റവും മികച്ച പ്രകടനം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം 'നീറ്റ്2021 (യു.ജി ) പരീക്ഷയ്ക്കുള്ള തീയതി തീരുമാനിക്കും.

10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രാക്ടിക്കല്‍ ഉള്‍പ്പെടെ ബോര്‍ഡ് പരീക്ഷകളുടെ തീയതി സംബന്ധിച്ച് സിബിഎസ്ഇ ഇനിയും തീരുമാനം എടുക്കേണ്ടതുണ്ട്. പരീക്ഷയ്ക്ക് മുമ്പായി ക്ലാസ്സുകളില്‍ പ്രാക്ടിക്കല്‍ നടത്താന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക്, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

പന്ത്രണ്ടാം ക്ലാസിലെ ഒഴിവാക്കിയ പാഠ്യപദ്ധതികളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയായി, പുതുക്കിയ പാഠ്യപദ്ധതി സിബിഎസ്ഇ അതിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒഴിവാക്കിയ ഭാഗത്തിന്റെ സംക്ഷിപ്തരൂപവും ചേര്‍ത്തിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ-യെ ബന്ധപ്പെടുകയോ സിബിഎസ്ഇ-യുടെ www.cbseacademic.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. ഓരോ പാഠ ഭാഗത്തിന്റെയും വീഡിയോ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സിബിഎസ്ഇ-ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.




Next Story

RELATED STORIES

Share it