Sub Lead

ബിസിജി വാക്‌സിന്‍ കൊറോണയെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല: ലോകാരോഗ്യ സംഘടന

മൂന്നു ഗവേഷണ റിപോർട്ടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പക്ഷപാതത്തിനും സാധ്യതയുണ്ട്.

ബിസിജി വാക്‌സിന്‍ കൊറോണയെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല: ലോകാരോഗ്യ സംഘടന
X

ജനീവ: ബിസിജി വാക്സിൻ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നതിന് ഒരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന. ബിസിജി വാക്‌സിനേഷന്‍ നടത്തുന്ന രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ കുറവാണെന്ന് പറയുന്ന അടുത്തിടെ പ്രസിദ്ധീകരിച്ച മൂന്ന് പഠനങ്ങള്‍ അവലോകനം ചെയ്തതായും തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഡബ്ലുഎച്ച്ഒ വ്യക്തമാക്കി.

മൂന്നു ഗവേഷണ റിപോർട്ടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പക്ഷപാതത്തിനും സാധ്യതയുണ്ട്. ജനസംഖ്യ, പരിശോധന നിരക്ക്, മഹാമാരിയുടെ വിവിധ ഘട്ടം തുടങ്ങിയവയിലൊക്കെ പഠനങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ബിസിജി വാക്‌സിന്‍ രോഗപ്രതിരോധ വ്യവസ്ഥയില്‍ അവ്യക്തമായ ഫലമുണ്ടാക്കുമെന്ന് മൃഗങ്ങളിലും മനുഷ്യനിലും നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലം പ്രത്യേക സവിശേഷതകള്‍ നല്‍കുന്നില്ല. അതിനാല്‍ തന്നെ അതിന്റെ ക്ലിനിക്കല്‍ പ്രസക്തി അജ്ഞാതമാണെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ടെക്‌സാസിലെ ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്റര്‍, ഛണ്ഡീഗഢിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ബിസിജി വാക്‌സിനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയത്. ബിസിജി വാക്‌സിന്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ റിപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറവാണെന്നായിരുന്നു മറ്റു രാജ്യങ്ങളുമായുള്ള താരതമ്യ പഠനത്തില്‍ കണ്ടെത്തിയത്.

എന്നാല്‍ ഇതിന് കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൊറോണയെ തടയുന്നതിന് ബിസിജി വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ക്ഷയരോഗം കൂടുതലുള്ള രാജ്യങ്ങളില്‍ നവജാതശിശുക്കള്‍ക്ക് ബിസിജി വാക്‌സിനേഷന്‍ ശുപാര്‍ശ ചെയ്യുന്നത് തുടരുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Next Story

RELATED STORIES

Share it