Sub Lead

ലെനിന്റെ ഫോട്ടോ, ലാല്‍ സലാം, സഖാവ്...; മാവോവാദി ബന്ധത്തിനു എന്‍ഐഎയുടെ തെളിവുകള്‍...!

ലെനിന്റെ ഫോട്ടോ, ലാല്‍ സലാം, സഖാവ്...; മാവോവാദി ബന്ധത്തിനു എന്‍ഐഎയുടെ തെളിവുകള്‍...!
X

ന്യൂഡല്‍ഹി: അസം കര്‍ഷക നേതാവ് അഖില്‍ ഗോഗോയിയുടെ അടുത്ത സഹായി ബിത്തു സോനോവളിന്റെ മാവോയിസ്റ്റ് ബന്ധത്തിനു തെളിവായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐഎ) സമര്‍പ്പിച്ച രേഖകള്‍ വിചിത്രം. 'ലാല്‍ സലാം', 'സഖാവ്' തുടങ്ങിയ പദപ്രയോഗങ്ങളും ലെനിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതുമെല്ലാമാണ് ബിത്തു സോനോവാളിന്റെ മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യമാണ് അഖില്‍ ഗോഗോയിയെയും സഹായി സോനോവാളിനെയും എന്‍ ഐഎ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമപ്രകാരം(യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തത്. 2019 ഡിസംബറില്‍ അസമിലുടനീളം നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ

പ്രതിഷേധത്തെ തുടര്‍ന്നാണു അറസ്റ്റ്. 'മുതലാളിമാര്‍ ഞങ്ങള്‍ക്ക് കയര്‍ വില്‍ക്കും, ഞങ്ങള്‍ അവരെ തൂക്കിലേറ്റും' എന്ന പാരമര്‍ശത്തോടെയുള്ള വഌഡിമിര്‍ ലെനിന്റെ ഒരു ഫോട്ടോ സാനോവള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്‌തെന്നാണ് മെയ് 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. മാത്രമല്ല, ഇദ്ദേഹം തന്റെ ചില സുഹൃത്തുക്കളെ 'ലാല്‍ സലാം' എന്നുവിളിച്ചാണ് അഭിവാദ്യം ചെയ്യുന്നതെന്നും അവരെ 'സഖാവ്' എന്നാണ് പരാമര്‍ശിക്കുന്നതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് അഖില്‍ ഗോഗോയിയെ ജോര്‍ഹട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഐപിസി 120 ബി, 253 എ, 153 ബി, യുഎപിഎയിയെ 18, 39 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. കേസില്‍ ഗൊഗോയിക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും പോലിസ് വിട്ടയക്കാതെ പുതിയ കേസുകള്‍ ചുമത്തിയത് കാരണം പുറത്തിറങ്ങാനായില്ല.



അഖില്‍ ഗൊഗോയിക്കെതിരേ എന്‍ഐഎ സമര്‍പ്പിച്ച 40 പേജുള്ള കുറ്റപത്രം അപലപനീയമാണെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ വ്യക്തമായ തെളിവുകളില്ലെന്നും കര്‍ഷക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) പ്രസ്താവിച്ചു. തങ്ങളുടെ നേതാക്കളെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ഭാസ്‌കോ സൈകിയ ഔട്ട്‌ലുക്കിനോട് പറഞ്ഞു.

'അഖില്‍ ഗൊഗോയ് മാവോയിസ്റ്റാണെന്ന് സ്ഥാപിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. പക്ഷേ അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാനായില്ല. മാവോവാദത്തെക്കുറിച്ചുള്ള പുസ്തകങ്ങളെയാണ് അവര്‍ പരാമര്‍ശിക്കുന്നത്. സോഷ്യലിസത്തിന് ഒരു ആമുഖം, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ തുടങ്ങിയ പുസ്തകങ്ങള്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഈ പുസ്തകങ്ങള്‍ കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതാണ്. ഇതെന്ത് പരിഹാസ്യമാണെന്നും അദ്ദേഹം ചോദിക്കുന്നു. കെഎംഎസ്എസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം ആളുകളെ ആകര്‍ഷിച്ചതായും സ്വത്വത്തെയും സംസ്‌കാരത്തെയും കുറിച്ച് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും സൈകിയ പറഞ്ഞു.


Next Story

RELATED STORIES

Share it