Sub Lead

ട്രംപിനെ പുകഴ്ത്തി മസ്ജിദ് കൂട്ടക്കൊലയിലെ പ്രതി; വെടിവയ്പ്പ് ദൃശ്യം ലൈവ് സ്ട്രീം ചെയ്തു

കൊലയ്ക്ക് മുമ്പ് ടാറന്റ് പുറത്തുവിട്ട 74 പേജ് വരുന്ന പത്രികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും 2011ല്‍ നോര്‍വേയില്‍ 77 പേരെ കൂട്ടക്കൊല ചെയ്ത വെളുത്ത വംശീയവാദി ആന്‍ഡേഴ്‌സ് ബ്രെവിക്കിനെയും പുകഴ്ത്തുന്നുണ്ട്.

ട്രംപിനെ പുകഴ്ത്തി മസ്ജിദ് കൂട്ടക്കൊലയിലെ പ്രതി; വെടിവയ്പ്പ് ദൃശ്യം ലൈവ് സ്ട്രീം ചെയ്തു
X

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ 50ഓളം പേരെ വെടിവച്ച് കൊന്നതിലെ പ്രധാന പ്രതി ആസ്‌ത്രേലിയക്കാരനായ ബ്രെന്റന്‍ ടാറന്റ്. കൊലയ്ക്ക് മുമ്പ് ടാറന്റ് പുറത്തുവിട്ട 74 പേജ് വരുന്ന പത്രികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും 2011ല്‍ നോര്‍വേയില്‍ 77 പേരെ കൂട്ടക്കൊല ചെയ്ത വെളുത്ത വംശീയവാദി ആന്‍ഡേഴ്‌സ് ബ്രെവിക്കിനെയും പുകഴ്ത്തുന്നുണ്ട്. ട്രംപിനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വെളുത്തവരുടെ സ്വത്വത്തിന്റെ പ്രതീകമായാണ് 28കാരനായ ടാറന്റ് പത്രികയില്‍ വിശേഷിപ്പിക്കുന്നത്.



തനിക്ക് ബ്രെവിക്കുമായി ബന്ധമുണ്ടായിരുന്നെന്നും തന്റെ കൃത്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം ഉണ്ടെന്നും ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതി അവകാശപ്പെടുന്നു. കുടിയേറ്റത്തെയും ബഹുസംസ്‌കാരത്തെയും എതിര്‍ക്കുന്ന പത്രിക വെളുത്തവരുടെയും യൂറോപ്യന്‍ പടിഞ്ഞാറന്‍ ലോകത്തിന്റെയും സംസ്‌കാരം തകര്‍ച്ച നേരിടുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തലയില്‍ കാമറ കെട്ടിവച്ച് ലൈവ് സംപ്രേഷണം



തലയില്‍ കെട്ടിവച്ച കാമറ ഉപയോഗിച്ച് ലൈവ് സ്ട്രീം ചെയ്തു കൊണ്ടാണ് ടാറന്റ് കൊല നടത്തിയതെന്നത് ഉള്ളിലുള്ള വംശവെറിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അല്‍നൂര്‍ മസ്ജിദില്‍ തൊട്ടടുത്ത് നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ തുരുതുരാ വെടിവയ്ക്കുന്ന ദൃശ്യമാണ് അക്രമി പുറത്തുവിട്ട വീഡിയോയിലുള്ളത്. അങ്ങേയറ്റം ഭീകരമായ ഈ ദൃശ്യം ഷെയര്‍ ചെയ്യരുതെന്ന് പോലിസ് ആവശ്യപ്പെട്ടു. അക്രമിയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. വീഡിയോയുടെ മറ്റു കോപ്പികളും നീക്കം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. യുട്യൂബും ദൃശ്യങ്ങള്‍ നീക്കം ചെയ്തു.

മസ്ജിദില്‍ സംഭവിച്ചതെന്ത്?

സംഭവങ്ങളുടെ വിശദാംശങ്ങള്‍ ഇനിയും ഔദ്യോഗികമായി പുറത്തുവരാനിരിക്കുന്നതേയുള്ളു. അക്രമി ചിത്രീകരിച്ച ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞ വിവരങ്ങളുമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. തോക്കുധാരി അല്‍നൂര്‍ മസ്ജിദില്‍ കാറിലാണ് എത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. തുടര്‍ന്ന് കാറിന്റെ ഡിക്കിയില്‍ നിന്ന് തോക്കെടുത്ത് മസ്ജിദിന് അകത്തേക്ക് കയറി നിറയൊഴിക്കുന്നു. ആദ്യം പ്രധാന പ്രാര്‍ഥനാ മുറിയിലും പിന്നീട് സ്ത്രീകളുടെ മുറിയിലുമാണ് എത്തിയത്. അയാളുടെ തോക്കിലെ വെടിയുണ്ട തീരാന്‍ പ്രാര്‍ഥിക്കുക മാത്രമായിരുന്നു അപ്പോള്‍ തങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴിയെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.



ആദ്യം തുടര്‍ച്ചയായി മൂന്ന് വെടിശബ്ദമാണ് കേട്ടത്. 10 സെക്കന്റിന് ശേഷം വീണ്ടും അതാരംഭിച്ചു. തീര്‍ച്ചയായും അതൊരു ഓട്ടോമാറ്റിക്ക് തോക്കായിരിക്കണം. അല്ലാതെ ഇത്രയും വേഗത്തില്‍ വെടിയുതിര്‍ക്കാനാവില്ല-ഫലസ്തീന്‍ സ്വദേശിയായ ദൃക്‌സാക്ഷി എഎഫ്പിയോട് പറഞ്ഞു. വെടിയേറ്റ് ചോരയില്‍ കുളിച്ചവര്‍ രക്ഷക്കായി പരക്കം പായുകയായിരുന്നു. എന്നാല്‍, പുറത്തേക്കോടുന്നവരെ അയാള്‍ പിന്തുടര്‍ന്ന് വെടിവച്ചു. മസ്ജിദിന് പുറത്തിറങ്ങി രക്ഷപ്പെടുന്നവരെ വെടിവച്ച ശേഷം തോക്കുമാറ്റി പുതിയ തോക്കെടുക്കുന്നതും വീണ്ടും തിരിച്ചെത്തി വീണു കിടക്കുന്നവരുടെ നേരെ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കുന്നതും ദൃശ്യത്തിലുണ്ട്. അതേ സമയം ലിന്‍വുഡില്‍ നടന്ന വെടിവയ്പ്പിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂസിലന്റുമായി നാളെ നടക്കുന്ന ടെസ്റ്റ് മല്‍സരത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ്സില്‍ മസ്ജിദിലെത്തിയ ടീം അംഗങ്ങള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു സംഭവം നടന്നത്.

Next Story

RELATED STORIES

Share it