Sub Lead

ആതുരസേവന മേഖല ഒഴിവാക്കി; പുതിയ ഉപഭോക്തൃ നിയമം ഇന്നുമുതല്‍

സുപ്രീംകോടതിയില്‍ ഉള്‍പ്പടെ ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഉള്‍പ്പെടുത്തിയ ആതുര സേവന മേഖലയാണ് പുതിയ നിയമത്തില്‍ ഒഴിവാക്കിയിരിക്കുന്നത്.

ആതുരസേവന മേഖല ഒഴിവാക്കി; പുതിയ ഉപഭോക്തൃ നിയമം ഇന്നുമുതല്‍
X

ന്യൂഡല്‍ഹി: ആതുര സേവന മേഖലയെ ഒഴിവാക്കിയുള്ള പുതിയ ഉപഭോക്തൃ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭൂരിഭാഗം വ്യവസ്ഥകള്‍ക്കും ഇന്നു മുതല്‍ രാജ്യത്തു പ്രാബല്യമുണ്ടാകും. സുപ്രീംകോടതിയില്‍ ഉള്‍പ്പടെ ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഉള്‍പ്പെടുത്തിയ ആതുര സേവന മേഖലയാണ് പുതിയ നിയമത്തില്‍ ഒഴിവാക്കിയിരിക്കുന്നത്. ആതുരസേവനരംഗവും അഭിഭാഷകരുടെ സേവനവും പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി. സുപ്രധാനമായ ഈ വകുപ്പ് ഒഴിവാക്കിയതോടെ ആതുര സേവന മേഖലയിലെ ഒരു വീഴ്ച്ചയും ഉപഭോക്തൃകോടതിയില്‍ ചോദ്യം ചെയ്യാനാകാതായി. ചികില്‍സയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന പിഴവുകള്‍ ഉപഭോക്തൃകോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം വേണമെങ്കില്‍ ഇനി സിവില്‍ കോടതിയെ സമീപിക്കണം. സിവില്‍ കോടതിയില്‍ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകയുടെ പത്തുശതമാനം കെട്ടിവക്കണം. ഈ സാഹചര്യത്തില്‍ ആതുര സേവന മേഖലയില്‍ ഉണ്ടാകുന്ന വീഴ്ച്ചകള്‍ക്ക് ആരും കോടതിയെ സമീപിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

34 വര്‍ഷങ്ങള്‍ക്കുശേഷം ശക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. ഉപഭോക്തൃ കോടതികളില്‍ മാറ്റംവരുത്തി സമഗ്രമായ നിയമ പരിഷ്‌കരണമാണ് കേന്ദ്ര ഉപഭോക്തൃ കാര്യമന്ത്രി രാംവിലാസ് പാസ്വാന്‍ 2019 ഓഗസ്റ്റ് ആറിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയ നിയമത്തിലുള്ളത്. കെവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിയമം വിജ്ഞാപനം ചെയ്യാനോ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ മാസം 15ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉള്‍പ്പെടെയുള്ള ചില വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് മാറ്റിവച്ചിരുന്നു. അതില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടി ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പുതിയനിയമത്തിലെ വകുപ്പ് 16 ആണ് ഇ കൊമേഴ്‌സിനെ നിര്‍വചിക്കുന്നത്. ഈവകുപ്പും നടപ്പാക്കുന്നതില്‍നിന്നു മാറ്റിവച്ച കൂട്ടത്തിലുണ്ട്. എന്നാല്‍ പുതിയനിയമത്തിലെ 2 (7) (b) വകുപ്പില്‍ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വ്യാപാരങ്ങളെക്കുറിച്ചാണു പറയുന്നുത്. ഇലക്‌ട്രോണിക് മാധ്യമത്തിലൂടെയുള്ള വ്യാപാരങ്ങള്‍, ടെലിഷോപ്പിങ്, ഡയറക്റ്റ് മാര്‍ക്കറ്റിങ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് എന്നിവയിലൂടെ വാങ്ങുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വ്യാപാര മേഖലയെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ഉപഭോക്തൃ കമ്മിഷനുകള്‍ക്ക് അധികാരമുണ്ട്.

ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിന്റെ പേര് കമ്മിഷന്‍ എന്നാക്കി മാറ്റിയതോടൊപ്പം ധനകാര്യ പരിധി 20 ലക്ഷം രൂപയില്‍നിന്ന് ഒരു കോടി രൂപയായി ഉയര്‍ത്തി. ഒരു കോടി രൂപ മുതല്‍ 10 കോടി രൂപ വരെ സംസ്ഥാന കമ്മിഷനും 10 കോടിയിലധികം മൂല്യമുള്ള പരാതികള്‍ ഇനി സമര്‍പ്പിക്കേണ്ടത് ദേശീയ കമ്മിഷനിലുമാണ്. ധനപരമായ അധികാര പരിധി ഉയര്‍ത്തിയതോടൊപ്പം അത്‌നിര്‍ണയിക്കുന്നരീതിയിലും കാതലായ മാറ്റം വരുത്തി.

Next Story

RELATED STORIES

Share it