Big stories

ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം

ആകെയുള്ള 275 പാര്‍ലിമെന്റ് അംഗങ്ങളില്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു

ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം
X

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടത്തിനു നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. പുതിയ ഭൂപടം മുന്നോട്ടുവച്ചുള്ള ഭരണഘടന ഭേദഗതിയിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമുണ്ടായ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷമാണു ലഭിച്ചത്. ആകെയുള്ള 275 പാര്‍ലിമെന്റ് അംഗങ്ങളില്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ബില്ല് പാസ്സായി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തി ഈയിടെ നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത് ഇന്ത്യയുമായി തര്‍ക്കത്തിനു കാരണമായിരുന്നു. വിഷയത്തില്‍ ഇന്ത്യയുമായി തര്‍ക്കം തുടരുന്നതിനിടെ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പാര്‍ലിമെന്റ് പാസ്സാക്കിയ ബില്ല് ദേശീയ അസംബ്ലിയില്‍ കൂടി ചര്‍ച്ച ചെയ്യും. ദേശീയ അസംബ്ലി ബില്‍ പാസാക്കിയ ശേഷം പ്രാമാണീകരണത്തിനായി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ഇതിനുശേഷം ബില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യുക.

ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ ഏകപക്ഷീയമായ നടപടിയാണ് നേപ്പാളിന്റേതെന്ന് ഇന്ത്യ വിമര്‍ശിച്ചിരുന്നു. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധം മുതല്‍ ഇന്ത്യന്‍ സേന നിലയുറപ്പിക്കുന്ന തന്ത്രപ്രധാന പ്രദേശങ്ങളായ ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ലിംപിയാധുര, കാലാപാനി എന്നിവയാണ് നേപ്പാള്‍ ഭൂപടത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. നടപടി അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെക്കുറിച്ച് നേപ്പാളിന് നന്നായി അറിയാമെന്നും ഇത്തരം വാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിക്കണമെന്നും ഞങ്ങള്‍ നേപ്പാള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്ക് നേപ്പാളുമായി വളരെ ശക്തമായ ബന്ധമുണ്ടെന്നും ഭാവിയിലും അത് തുടരുമെന്നും കരസേനാ മേധാവി എം എം നരവാനെ പറഞ്ഞു. വെള്ളിയാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പോലിസ് നടത്തിയ വെടിവയ്പില്‍ ബിഹാര്‍ സ്വദേശിയായ വികേഷ് യാദവ്(22) കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it