Sub Lead

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: റീപോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കാലുകള്‍ ബലമായി അകത്തിയതിന്റെയും നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെയും പരിക്കുകളാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഈ പരിക്കുകള്‍ മരണകാരണമായേക്കാമെന്നും പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: റീപോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
X

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി റീ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. പ്രഥമ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താതെ പോയ പരിക്കുകളാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

കാലുകള്‍ ബലമായി അകത്തിയതിന്റെയും നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെയും പരിക്കുകളാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഈ പരിക്കുകള്‍ മരണകാരണമായേക്കാമെന്നും പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്‍ദ്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും പുതിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുലുണ്ടായിരുന്നത്. രാജ്കുമാറിന്റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ബാധിച്ചതിനുശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. എന്നാല്‍ അന്ന് കണ്ടെത്താതിരുന്ന മുറിവുകളും പരിക്കുകളും കൂടി ഇപ്പോള്‍ കണ്ടെത്തിയതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

രാജ്കുമാറിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിനി വിദഗ്ധ പരിശോധനയ്ക്ക് അയക്കും. രാജ്കുമാറിന് ന്യുമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കണമെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് വരണം. ഇന്ന് രാവിലെ പുറത്തെടുത്ത രാജ്കുമാറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പാലക്കാട്ടു നിന്നുള്ള ഡോ. പി.ബി ഗുജ്‌റാള്‍, കോഴിക്കോട്ട് നിന്നുള്ള ഡോ. കെ പ്രസന്നന്‍, ഡോ. എ കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ച രാജ്കുമാറിന്റെ മൃതദേഹം നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തത്. ജുഡീഷ്യല്‍ പ്രതിനിധികള്‍, ഇടുക്കി ആര്‍.ഡി.ഒ, ഫൊറന്‍സിക് സര്‍ജന്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍. മൃതദേഹം അഴുകിയ നിലയിലായിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹം പൂര്‍ണ്ണമായും സ്‌കാന്‍ ചെയ്യുകയാണ് ചെയ്തത്. ഇതിലൂടെ ശരീരത്തിലുണ്ടായ മുഴുവന്‍ പൊട്ടലുകളെക്കുറിച്ചും വിവരം ലഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി മൃതദേഹത്തില്‍ നിന്ന് സാമ്പിളുകളും എടുത്തു.

Next Story

RELATED STORIES

Share it