Sub Lead

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ മുസ് ലിം വീടുകളും കടകളും പൊളിച്ച നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. മുനിസിപ്പില്‍ കമ്മീഷന്‍ മേയര്‍ അടക്കമുള്ളവരെ കമ്മീഷന്‍ നോട്ടിസ് അയച്ചു വിളിച്ച് വരുത്തും.

ഹനുമാന്‍ ജയന്തിക്കിടെ വര്‍ഗീയകലാപമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ 20ാം തിയതി രാവിലെ ബുള്‍ഡോസറുകളുമായി ഉത്തര ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പോലിസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കല്‍ നടപടികള്‍. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് അവര്‍ പൊളിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. സ്ഥലത്ത് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെയാണ് പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ബിജെപിയാണ് ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇത് സാധാരണ നടപടി മാത്രമാണെന്നും അനധികൃതകെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എന്‍ഡിഎംസി മേയര്‍ രാജാ ഇഖ്ബാല്‍ സിംഗ് വ്യക്തമാക്കിയത്. എന്നാല്‍, ബിജെപി സംസ്ഥാനാധ്യക്ഷന്‍ എഴുതിയ കത്തിന് പിന്നലെത്തന്നെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ നടപടിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it