Sub Lead

മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി ബന്ധമുള്ള സന്യാസി ദുബയില്‍ അറസ്റ്റില്‍; മോചിപ്പിക്കാന്‍ കോണ്‍സല്‍ ജനറല്‍ നേരിട്ടെത്തി

ദുബയ് രാജകുടുംബത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി ബിസിനസിലേക്ക് പണം സ്വരൂപിക്കാന്‍ ശ്രമിച്ചതിനാണ് അറസ്‌റ്റെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുമായി ബന്ധമുള്ള സന്യാസി ദുബയില്‍ അറസ്റ്റില്‍; മോചിപ്പിക്കാന്‍ കോണ്‍സല്‍ ജനറല്‍ നേരിട്ടെത്തി
X

ദുബയ്: ആര്‍എസ്എസ് സര്‍സംഘചാലകുമായി അടുപ്പമുള്ള സംഘപരിവാര സന്യാസി ദുബയില്‍ അറസ്റ്റിലായതിന് പിന്നില്‍ ദുരൂഹത. പോലിസ് ഇതേക്കുറിച്ച് ഒന്നും വ്യക്തമാക്കാന്‍ തയ്യാറായില്ലെങ്കിലും ദുബയ് രാജകുടുംബത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി ബിസിനസിലേക്ക് പണം സ്വരൂപിക്കാന്‍ ശ്രമിച്ചതിനാണ് അറസ്‌റ്റെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തിയാണ് സുധീര്‍ പ്രഭാകര്‍ പൂജാരിയെന്നയാളെ ജാമ്യത്തില്‍ മോചിപ്പിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ കോണ്‍സല്‍ ജനറല്‍ തയ്യാറായില്ല. അദ്ദേഹം ചില പ്രശ്‌നങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായെന്നും വിഷയത്തെക്കുറിച്ച് പഠിച്ചുവരികയാണെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അടുത്തയാളായതു കൊണ്ടാണ് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രഭാകറിനെ ജാമ്യത്തില്‍ വിട്ടെങ്കിലും അയാളുടെ പാസ്‌പോര്‍ട്ട് ദുബയ് പോലിസ് പിടിച്ചുവച്ചിരിക്കുകയാണ്. പാസ്‌പോര്‍ട്ടില്‍ സുധീര്‍ പ്രഭാകര്‍ പൂജാരി എന്ന് പേരുള്ള ഇയാള്‍ കോട്ട് ഉള്‍പ്പെടെ സാധാരണ വേഷമാണ് ധരിച്ചിരിക്കുന്നത്.



അതേ സമയം, ഫെയ്‌സ്ബുക്ക് പേജില്‍ ഇയാള്‍ പരിചയപ്പെടുത്തുന്നത് മഹന്ത് സൂധീര്‍ ദാസ് പൂജാരി മഹാരാജ് എന്നാണ്. അതില്‍ കാവി ഷാള്‍ ഉള്‍പ്പെടെ സന്യാസ വേഷത്തിലാണ്. മോഹന്‍ ഭാഗവത്, മാഹാരാഷ്ട്ര മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഫെയ്‌സ്ബുക്കിലുണ്ട്. 2018 മെയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ദുബയിലെ ഓഫിസില്‍ ഇരിക്കുന്ന ദൃശ്യം നല്‍കിയിട്ടുണ്ട്. അല്‍ ബൂം മറൈന്‍ ലോജിസ്റ്റിക്ക്, സറാഹ വിഷന്‍ ഇന്‍വെസ്റ്റ്‌മെന്റ്, നാസ് ജനറല്‍ ട്രേഡിങ് എന്നീ പേരുകളില്‍ താന്‍ യുഎഇയില്‍ മൂന്ന് കമ്പനികള്‍ തുറന്നതായി വീഡിയോയില്‍ പറയുന്നു.



2006ല്‍ നാസികില്‍ ദലിതുകള്‍ക്ക് വേണ്ടി ക്ഷേത്രം തുറന്ന് പ്രഭാകര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിഎച്ച്പിയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന പ്രഭാകര്‍ സംഘടനയുടെ ഉപദേശക സമിതി(മാര്‍ഗദര്‍ശക് മണ്ഡല്‍) അംഗമാണ്.

അതേ സമയം, ഇയാള്‍ ആദ്യമായല്ല നിയമ നടപടി നേരിടുന്നത്. 2016 ഡിസംബറില്‍ നോട്ട് നിരോധനത്തിന്റെ സമയത്ത് അനധികൃത പണമിടപാടിന്റെ പേരില്‍ ആദായ നികുതി വകുപ്പ് പ്രഭാകറിനെ ചോദ്യം ചെയ്തിരുന്നു.

2010 മുതല്‍ മുംബൈയിലെ സറാഹ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ് പ്രഭാകര്‍. ഗോഡ ഹോട്ടല്‍സ് ആന്റ് മോട്ടല്‍സിന്റെയും ഡയറക്ടര്‍മാരില്‍ ഒരാളാണ്.

Next Story

RELATED STORIES

Share it