Big stories

മ്യാൻമറിൽ രക്തരൂക്ഷിത പോരാട്ടം; സൈന്യത്തിന്റെ വെടിവയ്പ്പിൽ 38 പ്രക്ഷോഭകർ കൊല്ലപ്പെട്ടു

സൈന്യം സർക്കാരിനെ അട്ടിമറിച്ചതിനുശേഷം മ്യാൻമറിൽ ഇതുവരെ നടന്ന രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച്ച നടന്നത്

മ്യാൻമറിൽ രക്തരൂക്ഷിത പോരാട്ടം; സൈന്യത്തിന്റെ വെടിവയ്പ്പിൽ 38 പ്രക്ഷോഭകർ കൊല്ലപ്പെട്ടു
X

യങ്കൂൺ: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധം കനക്കുന്നു. രക്തരൂക്ഷിത പോരാട്ടമാണ് സൈനിക ഭരണകൂടത്തിനെതിരേ ദിവസങ്ങളായി നടക്കുന്നത്. സൈന്യം സർക്കാരിനെ അട്ടിമറിച്ചതിനുശേഷം മ്യാൻമറിൽ ഇതുവരെ നടന്ന രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച്ച നടന്നത്, 38 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്.


മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യങ്കൂണിൽ ഞായറാഴ്ച്ച നടന്ന പ്രക്ഷോഭത്തിന് നേരെ സുരക്ഷാ സേന വെടിവയ്പ്പ് നടത്തുകയായിരുന്നു. തുടർന്ന് പ്രക്ഷോഭകർ ചൈനീസ് കച്ചവട സ്ഥാപനങ്ങൾ ആക്രമിച്ചു. പിന്നാലെ സൈന്യം പ്രദേശത്ത് സൈനികനിയമം പ്രഖ്യാപിച്ചു. മ്യാൻമർ സൈന്യത്തിന് ചൈന പിന്തുണ നൽകുന്നുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.


ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടക്കുന്നത്. യാങ്കോണിൽ ഞായറാഴ്ച 21 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് മറ്റിടങ്ങളിലും കൂടുതൽ മരണങ്ങളും പരിക്കുകളും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ കുറഞ്ഞത് 38 ആണെന്ന് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേർസ് (എഎപിപി) നിരീക്ഷണ സംഘം അറിയിച്ചു.


പാകാന്ത്, ബാഗോ മേഖലകളിലെ പ്രതിഷേധവും അക്രമാസക്തമായി. ശനിയാഴ്ചത്തെ വെടിവെപ്പിൽ 12 പേർ മരിച്ചിരുന്നു. ഹ്‌ലെയിങ് തര്യാർ ജില്ലയിൽ ഹെൽമെറ്റും ഷീൽഡും ധരിച്ച പ്രതിഷേധക്കാരും സൈന്യവും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. മേഖലയിലെ രണ്ടു ഫാക്ടറികൾക്ക് പ്രതിഷേധക്കാർ തീയിട്ടു.


ഫെബ്രുവരി ഒന്നിന് ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതു മുതൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ഇതുവരെ 80-ഓളം പേർ പട്ടാള ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കുപറ്റി. പട്ടാള ഭരണകൂടത്തെ പിരിച്ചുവിടണമെന്നും വീട്ടുതടങ്കലിലാക്കിയ നേതാവ് ആങ് സാൻ സ്യൂചിയെ മോചിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Next Story

RELATED STORIES

Share it