Sub Lead

ഹരിയാനയില്‍ ഹോളിദിനത്തില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബം വീട് വിറ്റ് താമസം മാറുന്നു

സംഭവശേഷം കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി കുടുംബാംഗവും ആറു മക്കളുടെ മാതാവുമായ സമീന പറഞ്ഞു

ഹരിയാനയില്‍ ഹോളിദിനത്തില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബം വീട് വിറ്റ് താമസം മാറുന്നു
X

ഛണ്ഡീഗഢ്: ഹോളിദിനത്തില്‍ ക്രിക്കറ്റ് കളിക്കുന്നവരെ പാകിസ്താനില്‍ പോയി കളിക്കൂവെന്ന് ആക്രോശിച്ച് ക്രൂരമായ ആക്രമണത്തിനു വിധേയമായ മുസ്‌ലിം കുടുംബം വീടുവിറ്റ് താമസം മാറാനൊരുങ്ങുന്നു. ധുമാസ്പൂര്‍ വില്ലേജിലെ ബോണ്ട്‌സിയില്‍ ആക്രമിക്കപ്പെട്ട കുടുംബമാണ് വീട് വിറ്റ് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുപോവുന്നത്. തിങ്കളാഴ്ച 30ലേറെ വരുന്ന കുടുംബാഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് പരാതിക്കാരനായ മുഹമ്മദ് ദില്‍ഷാദ്(32) പറഞ്ഞു. ഇവിടെ താമസിക്കുന്നത് കുട്ടികളില്‍ ഭീതിയും അരക്ഷിതാവസ്ഥയും വര്‍ധിപ്പിക്കുമെന്നതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിരവധി വസ്തുവില്‍പനക്കാരോട് പറഞ്ഞിട്ടുണ്ട്. എന്റെ അനന്തിരവനും ചിലരുമായി സംസാരിച്ചിരുന്നു. 2016ല്‍ 42 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീടുണ്ടാക്കിയത്. ഏറെ കഷ്ടപ്പെട്ടാണ് വീട് നിര്‍മിച്ചത്. പക്ഷേ ഇപ്പോള്‍ കുറഞ്ഞ വിലയാണ് ലഭിക്കുക. ഞങ്ങളുടെ വ്യാപാരം നിര്‍ത്തി ബാഗ്പത്തിലേക്കു തിരിച്ചുപോവുകയാണ്. ഗുരുഗ്രാമിനു 72 കിലോമീറ്റര്‍ അകലെയുള്ള പാഞ്ചി വില്ലേജിലായിരുന്നു 2005 വരെ ഇവര്‍ കഴിഞ്ഞിരുന്നത്. പിന്നീട് 2015 വരെ ഗുരുഗ്രാമിലെ വാടക വീട്ടിലേക്ക് മാറി. ബാദ്ഷാപൂരില്‍ ഫര്‍ണിച്ചര്‍ വ്യാപാരമാണ് കുടുംബം നടത്തുന്നത്. സംഭവത്തെ എല്ലാവരും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും നീതിക്കു വേണ്ടി ഞങ്ങള്‍ പോരാടുമെന്നും ഞങ്ങള്‍ക്ക് പിന്തുണയേകിയവര്‍ക്കും വീട് സന്ദര്‍ശിച്ചവര്‍ക്കും നന്ദിയുണ്ടെന്നും മുഹമ്മദ് ദില്‍ഷാദ് പറഞ്ഞു.

സംഭവശേഷം കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി കുടുംബാംഗവും ആറു മക്കളുടെ മാതാവുമായ സമീന പറഞ്ഞു. കുട്ടികള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. ഉറങ്ങുന്നില്ല. സ്‌കൂളില്‍ പോവുന്നില്ല. അക്രമികള്‍ തിരിച്ചെത്തി ജീവനോടെ ചുട്ടെരിക്കുമോയെന്നാണ് അവരുടെ ആശങ്ക. വീട്ടില്‍ അക്രമം നടത്തി തിരിച്ചുപോവുമ്പോള്‍ അങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങള്‍ നിസ്സഹായരും ദുര്‍ബലരുമാണ്. ഈ ഗ്രാമത്തില്‍ ജീവിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഹോളി ദിനത്തിലാണ് 15 മുതല്‍ 20 വരെയുള്ള സംഘം മുസ്‌ലിം കുടുംബത്തെ ക്രിക്കറ്റ് കളി ഉപകരണങ്ങളും മറ്റും കൊണ്ട് ക്രൂരമായി ആക്രമിച്ചത്. വീട്ടുടമ സമീനയുടെ ഭര്‍ത്താവ് സാജിദ് സിദ്ദീഖി ഉള്‍പ്പെടെ 12 പേരെയെങ്കിലും ആക്രമിച്ചു. പ്രദേശത്ത് രണ്ടു മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. ഇവര്‍ക്ക് മറ്റു വീട്ടുകാരുടെ പിന്തുണ ലഭിക്കുന്നില്ല. അക്രമികളോട് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല. എവര്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാണെന്നും സജ്ജാദിന്റെ സഹോദരന്‍ അക്തര്‍ സിദ്ദീഖ് പറഞ്ഞു. പോലിസ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ താമസിക്കാനില്ലെന്നാണ് കുടുംബം ഒന്നടങ്കം പറയുന്നത്. ഒരു വാഹനവും ആറു പോലിസുകാരെയും സുരക്ഷയ്ക്കായി നല്‍കാം. കുടുംബത്തിന് നീതി ഉറപ്പാക്കും. അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഹിമാന്‍ഷു ഗാര്‍ഗ് പറഞ്ഞു.




Next Story

RELATED STORIES

Share it