Sub Lead

സിപിഎം നേതാവിന്റെ കൊല: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

സിപിഎം നേതാവിന്റെ കൊല: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍
X

ആലപ്പുഴ: സിപിഎം നേതാവ് കായംകുളം എംഎസ്എം സ്‌കൂളിനു സമീപം വൈദ്യന്‍വീട്ടില്‍ സിയാദി(35)നെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാവില്‍ നിസാമിനെ പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ വെറ്റ മുജീബ് എന്ന മുജീബുര്‍റഹ്‌മാനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് നിസാമിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം അറിഞ്ഞിട്ടും നിസാം പോലിസില്‍ വിവരമറിയിച്ചില്ലെന്നും പോലിസ് ആരോപിക്കുന്നു. മുജീബ് റഹ്‌മാനെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ ശേഷമുണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ വെട്ടേറ്റ മുജീബ് റഹ്‌മാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്‌ക്കെത്തിയപ്പോഴാണ് അറസ്റ്റിലായത്. എന്നാല്‍ കൊലപാതക വിവരമൊന്നും അറിയാതെ, പരിക്കുകളോടെയെത്തിയ മുജീബിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതിനു സിപിഎം സമ്മര്‍ദ്ദത്തിലാണ് നിസാമിനെ അറസ്റ്റ് ചെയ്തതെന്നും ആക്ഷേപമുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഫൈസലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിയാദിനെ നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. റോഡരികില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് കഠാരകൊണ്ട് കുത്തിക്കൊന്നത്. പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നും ബൈക്കിലും കാറിലുമായെത്തിയ നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നും കായംകുളം പോലിസ് നേരത്തേ കണ്ടെത്തിയിരുന്നു. കുത്തേറ്റ് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിനേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 25ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വെറ്റ മുജീബ് നാലുമാസം മുമ്പാണ് ജയില്‍ മോചിതനായി നാട്ടിലെത്തിയത്. എംഎസ്എം സ്‌കൂള്‍ ജങ്ഷന്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ സിയാദും മറ്റും ചോദ്യംചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നാണു നിഗമനം.


Murder of CPM leader: Congress councilor arrested


Next Story

RELATED STORIES

Share it