Latest News

ആള്‍താമസമില്ലാത്ത വീടിന്റെ പിറകില്‍ കുഴിച്ചിട്ട നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളിലേക്ക്

ആള്‍താമസമില്ലാത്ത വീടിന്റെ പിറകില്‍ കുഴിച്ചിട്ട നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
X

തൃശൂര്‍: എരുമപ്പെട്ടി നെല്ലിക്കുന്നില്‍ പാടശേഖരത്തിനു സമീപമുള്ള ആള്‍താമസമില്ലാത്ത വീടിന്റെ പിറകിലെ ചായ്പ്പില്‍ കുഴിച്ചിട്ട നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. തുണികളുടേയും പായയുടേയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തറ പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സംഭവത്തില്‍ കുന്നംകുളം എസിപിയുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുവര്‍ഷം മുന്‍പ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവില്‍ പോലിസ് അന്വേഷണം പുരോഗമിക്കുന്നത്.

മൂന്നുവര്‍ഷം മുന്‍പാണ് വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണ്. വീട് വാങ്ങിയ പുതിയ ഉടമസ്ഥന്‍ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കം തിരിച്ചറിയുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാകും. വീട്ടില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലിസിന്റെ അന്വേഷണം നടക്കുന്നത്.

Next Story

RELATED STORIES

Share it