Sub Lead

മുനമ്പം മനുഷ്യക്കടത്ത്: മുഖ്യ സൂത്രധാരനടക്കം ഏഴു പേര്‍ കൂടി പിടിയില്‍

ഗൂഡാലോചനയുടെ ഭാഗമായി ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ബോട്ട്മാര്‍ഗം ന്യൂസിലന്റില്‍ എത്തിക്കാമെന്നു പറഞ്ഞു ഡല്‍ഹി മാതംഗിര്‍ അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര്‍, മറ്റ് ഇതരസംസ്ഥാനക്കാര്‍ അടക്കം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതിലേറെപ്പേരെ രാജ്യത്തുനിന്നു കടത്തിയെന്നും ഓരോരുത്തരില്‍ നിന്നും 3 ലക്ഷം രൂപ ഈടാക്കിയെന്നു റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു

മുനമ്പം മനുഷ്യക്കടത്ത്: മുഖ്യ സൂത്രധാരനടക്കം ഏഴു പേര്‍ കൂടി പിടിയില്‍
X

കൊച്ചി: മുനമ്പത്ത് നിന്നും മല്‍സ്യബന്ധന ബോട്ടില്‍ വിദേശത്തേയക്ക് ആളുകളെ കടത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേര്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരന്‍ കോയമ്പത്തൂര്‍ പാപ്പനാക്കിയം പാളയം കാളിയമ്മന്‍ സ്ട്രീറ്റ് നമ്പര്‍ 37ല്‍ ശെല്‍വം(49), ചെന്നൈ പോളപ്പാക്കം സഭാപതി നഗറില്‍ ബി ബ്ലോക്കില്‍ അറുമുഖം(43), ചെന്നൈ തിരുവള്ളൂര്‍ വിഘ്‌നേശ്വര നഗര്‍ 448ല്‍ താമസക്കാരായ ഇളയരാജ(39), ഇളയരാജയുടെ ഭാര്യ രതി(34) ദീപന്‍ രാജ്(49), ദീപന്‍ രാജിന്റെ മക്കളായ അജിത്(24), വിജയ്(22) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രതിയെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മറ്റ് ആറു പേരെ 7 ദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വിട്ടു. പാസ്്‌പോര്‍ട്ട് നിയമം, ഫോറിനേഴ്‌സ് ആക്ട് എന്നിവ കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് വകുപ്പ്കൂടി കേസില്‍ ചുമത്തിയിട്ടുണ്ട്. രണ്ടര മാസത്തിന് ശേഷമാണ് കേസില്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിടിയിലാകുന്നത്.

മനുഷ്യക്കടത്തില്‍ ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ശ്രീകാന്തന്റെ ബന്ധുവാണ് പിടിയിലായ ശെല്‍വം. നേരത്തെ ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്ന് പിടിയിലായ പ്രഭു ദണ്ഡപാണി, രവി സനൂപ്, അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശെല്‍വം കുടുങ്ങിയത്. കൂടെ പിടിയിലാവര്‍ തമിഴ്, ശ്രീലങ്കന്‍ വംശജരാണ്. തന്റെ മൂന്ന് മക്കളും ഓസ്ട്രേലിയയിലേക്ക് ബോട്ടില്‍ പുറപ്പെട്ടുവെന്നാണ് സെല്‍വന്റെ മൊഴി. പിടിയിലായവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്.15 പ്രതികളാണ് കേസില്‍ ഉള്ളത്. കേസിലെ ഒന്നാം പ്രതി തമിഴ്‌നാട് സ്വദേശി ശ്രീകാന്തന്‍, രവീന്ദര്‍, മണിവണ്ണന്‍, ശ്രീലങ്കന്‍ സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, പാണ്ഡ്യരാജ് എന്നിവര്‍ ഒളിവിലാണ്. മനുഷ്യക്കടത്ത് തടയല്‍ നിയമപ്രകാരമുള്ള കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

രഹസ്യവിവരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ പോലിസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തില്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഡാലോചനയുടെ ഭാഗമായി ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണുകയും ചെയ്തു. കുറഞ്ഞ ചെലവില്‍ ബോട്ട്മാര്‍ഗം ന്യൂസിലന്റില്‍ എത്തിക്കാമെന്നു പറഞ്ഞു ഡല്‍ഹി മദന്‍ഗിര്‍ അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര്‍, മറ്റ് ഇതരസംസ്ഥാനക്കാര്‍ അടക്കം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 ലധികം പേരെ രാജ്യത്തുനിന്നു കടത്തിയെന്നും ഓരോരുത്തരില്‍ നിന്നും 3 ലക്ഷം രൂപ ഈടാക്കിയെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.ജനുവരി 12നാണ് മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയില്‍ നിന്നും മല്‍സ്യ ബന്ധന ബോട്ടില്‍ ആളുകളെയമായി ബോട്ട് പുറപ്പെട്ടത്. മുനമ്പത്ത് നിന്നും വിദേശത്തേയക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ മനുഷ്യകടത്ത് വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കടതി പറഞ്ഞിരുന്നു. സംഭവം ഗൗരവമുള്ള വിഷയാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it