Latest News

ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കാലുകള്‍ അറ്റുപോയി: എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ കാലുകള്‍ അറ്റുപോയി: എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
X

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റുപോയ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന ഉത്തരവുമായി ഹൈക്കോടതി. റെയില്‍വെ ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിനെതിരേ മാധ്യമ പ്രവര്‍ത്തകനായിരുന്ന യാത്രക്കാരന്‍ സിദ്ധാര്‍ത്ഥ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി. മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ്.

ട്രെയ്‌നില്‍ ഓടിക്കയറിയത് മൂലമുള്ള പരിക്ക് സ്വയം ഏല്‍പ്പിച്ചതാണെന്ന് വിലയിരുത്തി യാത്രക്കാരന്‍ നഷ്ട പരിഹാരത്തിനര്‍ഹനല്ല എന്നാണ് ട്രിബ്യൂണല്‍ വിധിച്ചത്. എന്നാല്‍, റെയില്‍വെ ആക്ടിലെ 'സ്വയം വരുത്തിവച്ച പരിക്ക് ' എന്നത് മനപ്പൂര്‍വ്വമായ ഉദ്ദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയില്‍ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. എട്ടു ലക്ഷം രൂപയാണ് റയില്‍വെ നഷ്ടപരിഹാരമായി നല്‍കേണ്ടത്.

മനപ്പൂര്‍വ്വം വരുത്തി വയ്ക്കണമെന്ന് ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോള്‍ട്ട് റൂളിന്റെ സുപ്രിംകോടതിയിലുള്ള മുന്‍കാല വിധികളും സിദ്ധാര്‍ത്ഥിന് അനുകൂല ഉത്തരവ് നേടുന്നതില്‍ സഹായകമായി. അപകടത്തിനു പിന്നാലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നിലവില്‍ പിഎസ്സി പഠനത്തിലാണ് സിദ്ധാര്‍ത്ഥ്.

2022 നവംബര്‍ 19നാണ് കൈരളി ടിവിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന സിദ്ധാര്‍ത്ഥ് കെ ഡല്‍ഹിയിലേക്ക് ട്രയിന്‍ കയറുന്നത്. യാത്രക്കിടെ ഗുജറാത്തിലെ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാര്‍ത്ഥ് ട്രയിന്‍ ഓടി തുടങ്ങിയപ്പോള്‍ കയറാന്‍ ശ്രമിക്കുകയും വീഴുകയുമായിരുന്നു. അപകടത്തില്‍ സിദ്ധാര്‍ത്ഥിന്റെ രണ്ട് കാലും നഷ്ടപ്പെട്ടു. നഷ്ടപരിഹാരവുമായി റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവെച്ച അപകടമെന്നായിരുന്നു മറുപടി. ഇതിനെതിരേയാണ് സിദ്ധാര്‍ത്ഥ് നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്. ഹരജിക്കാരനു വേണ്ടി ആദില്‍ പി, മുഹമ്മദ് ഇബ്രാഹിം, ഷബീര്‍ അലി എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it