Big stories

നാല് പതിറ്റാണ്ടായി ചന്ദ്രികയുടെ ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമർശനവുമായി മുഈന്‍ അലി

ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ് എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈന്‍ അലി തങ്ങള്‍

നാല് പതിറ്റാണ്ടായി ചന്ദ്രികയുടെ ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമർശനവുമായി മുഈന്‍ അലി
X

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ഏകാധിപത്യത്തെ ചോദ്യംചെയ്ത് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും മുഈന്‍ അലി പറഞ്ഞു.

ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈന്‍ അലി കുറ്റപ്പെടുത്തി. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.

അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്‌ലിം ലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൗണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അടച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു.

ചന്ദ്രികയില്‍ നടക്കുന്നത് വലിയ സാമ്പത്തിക ക്രമക്കേടാണ് എന്നാല്‍ കുഞ്ഞാലികുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്ന് മുഈന്‍ അലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരലി തങ്ങളുടെ അസുഖ കാരണം ചന്ദ്രികയിലെ പ്രശ്‌നങ്ങളാണെന്നും മുഈന്‍ അലി തങ്ങള്‍ പ്രതികരിച്ചു. പരസ്യ പ്രതികരണവുമായി ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തന്നെ രംഗത്ത് വന്നത് വരുംദിവസങ്ങളില്‍ ലീഗിനകത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികള്‍ മറ്റുതലങ്ങളിലേക്ക് കടക്കും.

Next Story

RELATED STORIES

Share it