Sub Lead

എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ കൈയാങ്കളി; ആറ് പേരെ സസ്‌പെന്റ് ചെയ്തു

എംഎസ്എഫ് സംസ്ഥാന കൗണ്‍സിലിലെ കൈയാങ്കളി; ആറ് പേരെ സസ്‌പെന്റ് ചെയ്തു
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. റിട്ടേണിങ് ഓഫിസറെ പൂട്ടിയിടുകയും ബഹളം വയ്ക്കുകയും ചെയ്ത സംഭവത്തില്‍ പി കെ ഫിറോസ് പക്ഷക്കാരായ ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു. മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നടപടിയെടുത്തത്. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം സംബന്ധിച്ച് അന്വേഷിച്ച മായിന്‍ ഹാജിയും പിഎംഎ സലാമും നടത്തിയ അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഗുരതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അര്‍ഷാദ് ജാതിയേരി, ഇ കെ ശഫാഫ് പേരാവൂര്‍. ഷബീര്‍ അലി തെക്കേക്കാട്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ടി ജാസിം, കാംപസ് കൗണ്‍സില്‍ കണ്‍വീനര്‍ മുഫീദ് റഹ്മാന്‍ നാദാപുരം എന്നിവരെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, നടപടി ഏകപക്ഷീയമാണെന്നു പി കെ ഫിറോസ് പക്ഷം ആരോപിച്ചു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച പേര് കൗണ്‍സില്‍ തള്ളിയതോടെയാണ് തര്‍ക്കങ്ങള്‍ക്കു തുടക്കം. ഈ മാസം ഒമ്പതിന് കോഴിക്കോട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ നവാസിനെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റാക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പി കെ നവാസ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമാണെങ്കിലും പ്രവര്‍ത്തന രംഗത്ത് സജീവമല്ലെന്നു മറുപക്ഷം വാദിച്ചു. മാത്രമല്ല, ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് റിട്ടേണിങ് ഓഫിസര്‍ പി എം സാദിഖലിയെ ഒരുവിഭാഗം തടഞ്ഞുവയ്ക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനെതിരേ സംഘടനയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഹഫ്‌സ മോള്‍ ഉള്‍പ്പെടെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. എന്നിട്ടും പി കെ ഫിറോസ് വിഭാഗത്തിനെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഒരുവിഭാഗം ഉറച്ചുനില്‍ക്കുകയായിരുന്നു.



Next Story

RELATED STORIES

Share it